Thursday, April 17, 2025
Kerala

എം ടി പറഞ്ഞത് കേരളം കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ; വി ഡി സതീശൻ

എം ടി പറഞ്ഞത് കേരളം കേൾക്കാൻ ആഗ്രഹിച്ച വാക്കുകളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എം ടി യുടെ വാക്കുകൾ വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നു. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ മന്നേറ്റം ഉണ്ടാകട്ടെ. മുഖ്യമന്ത്രിയുടെ സ്തുതിപാഠകർ എം.ടിയുടെ വാക്കുകൾ ശ്രദ്ധിക്കണം.

മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. പറഞ്ഞ വാക്കുകൾ ബധിര കർണങ്ങളിൽ പതിക്കരുത്. കാലത്തിന്‍റെ ചുവരെഴുത്താണ് അദ്ദേഹം വായിച്ചത്. ഈ കാലം ആവശ്യപ്പെടുന്ന കാര്യമാണ് എം.ടി. പറഞ്ഞത്. നിഷ്പക്ഷത നടിച്ച് നടന്ന സർക്കാറിനെ താങ്ങി നിർത്തുന്ന ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരും ചില മാധ്യമപ്രവർത്തകരും നിഷ്പക്ഷരാണെന്ന് കരുതി വന്ന് സമൂഹ മാധ്യമങ്ങളിലൂടെ സർക്കാറിന് സ്തുതിഗീതം പാടുന്നവരും എം.ടിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കണമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

എം.ടിയുടെ വാക്കുകൾ പ്രധാനപ്പെട്ടതാണ്. അധികാരം എങ്ങനെ മനുഷ്യനെ ദുഷിപ്പിക്കുന്നു. അധികാരം അഹങ്കാരത്തിലേക്കും ധാർഷ്ട്യത്തിലേക്കും എങ്ങനെ പോകുന്നു. പ്രതിഷേധങ്ങളെ ഭയപ്പെടുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തെ ഹനിക്കുന്നു, അതിനെ അടിച്ചമർത്തുന്നു. ക്രൂരമായ മർദനമുറകൾ സംസ്ഥാനത്തൊട്ടാകെ അഴിച്ചുവിടുന്നു.

ഇതൊക്കെ കണ്ട് എം.ടിയെ പോലുള്ള ഒരാൾ പ്രതികരിച്ചതിൽ സന്തോഷമുണ്ട്. എം.ടിയുടെ വാക്കുകൾക്ക് അത്രയേറെ മൂർച്ചയുണ്ടെന്ന് കരുതുന്നു. അത് വഴിതിരിച്ചുവിടാതെ മനസിലാക്കാനാണ് ശ്രമിക്കേണ്ടത്. വഴിതിരിച്ചുവിടാൻ ശ്രമിച്ചാൽ കേരളം വീണ്ടും ആപത്തിലേക്ക് പോകുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *