കരുവന്നൂരില്‍ വൻമരങ്ങൾ വേരോടെ നിലംപൊത്തുമെന്ന് ഭീതി, കൊള്ളക്കാരെ സിപിഎം സംരക്ഷിക്കുന്നു, പ്രതിഷേധം ശക്തമാക്കും
തിരുവനന്തപുരം :സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. കരുവന്നൂരിനെ കൂടാതെ തൃശൂര്‍ ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളില്‍ 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ കൂടി നടന്നിട്ടുണ്ടെന്ന് വ്യക്തമായി. സി.പി.എം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെയാണ് ഈ പെരുംകൊള്ള നടന്നത്. ഇപ്പോൾ കൊള്ളക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും സി.പി.എമ്മും സർക്കാരുമാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു
വൻമരങ്ങൾ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സിപിഎമ്മിന്. കൊള്ളക്കാരെ സംരക്ഷിക്കുന്നതിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ് സി.പി.എം. ബാങ്ക് കൊള്ള സംബന്ധിച്ച് 2011-ല്‍ തന്നെ പാർട്ടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. കൊള്ളമുതലിന്‍റെ പങ്ക് പറ്റിയ സി.പി.എം അന്ന് മുതൽ ഇന്ന് വരെ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിച്ചു. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി, പ്രധാനപ്പെട്ട നേതാക്കളെ രക്ഷപ്പെടുത്തി.
കരുവന്നൂരിലെ തട്ടിപ്പ് അത്ര വലിയ സംഭവമാണോ എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ചോദിക്കുന്നത്. ജീവിത കാലത്തെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട നിക്ഷേപകരുടെ മുഖത്തടിക്കുകയാണ് മന്ത്രി. പണം നഷ്ടമായ നിക്ഷേപകർക്കൊപ്പമല്ല കൊള്ളക്കാർക്കൊപ്പമാണ് സർക്കാരെന്ന് അടിവരയിട്ട് പറയുകയാണ് തദ്ദേശ വകുപ്പ് മന്ത്രി.സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാടാണ് കരുവന്നൂരെന്ന സ്പീക്കർ എ.എൻ ഷംസീറിന്‍റെ അഭിപ്രായമാണോ സി.പി.എമ്മിനും സർക്കാരിനും ഉള്ളതെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണം. കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണം. നിക്ഷേപകരുടെ പണം എത്രയും വേഗം മടക്കി കൊടുക്കണം. കൊള്ളക്കാരെ സംരക്ഷിച്ച് നിക്ഷേപകരെ ഒറ്റുകൊടുക്കാനാണ് സർക്കാർ ശ്രമമെങ്കിൽ യുഡിഎഫ് സമരം ശക്തമാക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.