Saturday, October 19, 2024
Kerala

കരുവന്നൂരില്‍ ഹവാല ഇടപാട്; പണം വിദേശത്തേക്ക് ഒഴുകി, ഇടപാടിന് ചുക്കാന്‍ പിടിച്ചത് പി.സതീഷ്കുമാറെന്ന് ഇ ഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ ഹവാല ഇടപാട് നടന്നതായി ഇ ഡി വെളിപ്പെടുത്തല്‍. വിദേശത്തേക്ക് ഹവാല ഇടപാട് നടന്നെന്ന് ഇഡി വിചാരണ കോടതിയിൽ വ്യക്തമാക്കി. ഒന്നാം പ്രതി പി.സതീഷ്കുമാറാണ് ഇടപാടിന് ചുക്കാന്‍ പിടിച്ചത്. സതീശന്റെ ബഹ്റിനില്‍ ഉള്ള കമ്പനിയിലേക്ക് ഹവാല നെറ്റ്‌വർക്ക് വഴി പണം കടത്തി, സഹോദരന്‍ ശ്രീജിത്, സഹോദരി വസന്തകുമാരി എന്നിവരുടെ പേരിലും കോടികള്‍ സതീഷ്കുമാര്‍ നിക്ഷേപിച്ചുവെന്നും സുഹൃത്തുക്കളുടെ പേരിലും സതീശന്‍ പണം നിക്ഷേപിച്ചുവെന്നും ഇ ഡി വിചാരണ കോടതിയിൽ വെളിപ്പെടുത്തി.

പി. സതീശന്റെ വിദേശ ബന്ധം അന്വേഷിക്കണമെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. പണം വിദേശത്തേക്കും തിരികെയും ഒഴുകിയെന്നും സതീശന് വിദേശത്ത് സ്പെയര്‍പാര്‍ട്സ് കടയും സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസുമുണ്ടെന്ന് പറഞ്ഞ ഇഡി ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും
ഹവാല ഇടപാടിൽ സഹായികളെന്നും കൂട്ടിച്ചേർത്തു.

വിവിധ ഇടങ്ങളിൽ ഇ ഡി നടത്തിയ പരിശോധനയിൽ 25 കോടി രൂപയുടെ രേഖകളാണ് കണ്ടെത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്കിന് പുറമേ അയ്യന്തോൾ സഹകരണ ബാങ്ക് അടക്കമുള്ള മറ്റ് ബാങ്കുകൾ വഴിയും സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂരിലും കൊച്ചിയിലുമായി 9 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. സതീഷ് കുമാറിന്റെ ബെനാമി ഇടപാടുകളുടെ രേഖകൾ റെയ്ഡിൽ കണ്ടെടുത്തതെന്ന് ഇ ഡി അറിയിച്ചു.

Leave a Reply

Your email address will not be published.