പൊട്ടിയ ടൈലുകൾ മാറ്റും, മത്സ്യവിൽപനയ്ക്ക് കിയോസ്കുകൾ, ഫോർട്ട്കൊച്ചി ബീച്ചിന്റെ മുഖച്ഛായ മാറ്റാൻ കെഎംആർഎൽ
കൊച്ചി: കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഫോർട്ട് കൊച്ചിക്ക് മാറ്റിനിർത്താനാകാത്ത സ്ഥാനമാണുള്ളത്. ഫോർട്ട് കൊച്ചി ബീച്ച് മേഖല നവീകരിക്കണമെന്ന പ്രദേശവാസികളുടെയും കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെയും ആവശ്യം കെഎംആർഎൽ നിർഹിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോയുടെ പ്രധാന ടെർമിനലുകളിൽ ഒന്നായ ഫോർട്ട് കൊച്ചി ടെർമിനലിലേക്ക് എത്തുന്നവർക്കും പ്രദേശവാസികൾക്കും വിനോദ സഞ്ചാരികൾക്കും ആവശ്യമായ സൌകര്യങ്ങൾ കൂടി ഒരുക്കിയാണ് നിർമ്മാണങ്ങൾ നടക്കുക.
ഫോർട്ട് കൊച്ചി ബീച്ചിലേക്കുള്ള നടപ്പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി പൊട്ടിയ ടൈലുകൾ മാറ്റിസ്ഥാപിക്കും. പ്രവർത്തനരഹിതമായ വഴിവിളക്കുകൾ പുനസ്ഥാപിക്കും. കാൽനടയാത്രികർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ മറ്റ് സ്ഥലങ്ങളിൽ ആവശ്യമായ വഴിവിളക്കുകൾ സ്ഥാപിക്കുകയും ചെയ്യും. ബീച്ചിന് സമീപം മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നടപ്പാതയിൽ സ്ഥാപിച്ചിരിക്കുന്ന ചരിത്രപ്രധാനമായ സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനായുള്ള നടപടികൾ പുരാവസ്തു സംരക്ഷണ വകുപ്പുമായി ചേർന്ന് സ്വീകരിക്കും. വാട്ടർ മെട്രോ ടെർമിനലിന് സമീപം നിലവിൽ മത്സ്യവിൽപ്പന നടത്തുന്നവർക്കായി ആധുനിക രീതിയിലുള്ള 5 കിയോസ്കുകളും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള നവീകരണ പ്രവർത്തങ്ങളുടെ ഭാഗമായി നിർമ്മിച്ചു നൽകും.
1.69 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. വാട്ടർ മെട്രോ ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ വിനോദസഞ്ചാരികൾക്ക് കൊച്ചിയുടെ കായൽ ഭംഗി ആസ്വദിച്ച് ഗതാഗതക്കുരുക്കിൽപെടാതെ ഫോർട്ട് കൊച്ചിയിലേക്ക് എത്താൻ സാധിക്കും. ഇതിന് മുന്നോടിയായാണ് ടെർമിനലിന് സമീപമുള്ള പ്രദേശങ്ങളും നവീകരിക്കാൻ കെഎംആർഎൽ തീരുമാനിച്ചിരിക്കുന്നത്.
പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ബീച്ചിന് സമീപമുള്ള കൊച്ചിൻ ക്ലബ്ബിൽ ഈ മാസം 25ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് എം.അനിൽകുമാർ നിർവ്വഹിക്കും. കെ.ജെ.മാക്സി എംഎൽഎ , കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശ്രീ.ലോക്നാഥ് ബെഹ്റ, സ്ഥലം കൗൺസിലർ ശ്രീ. ആന്റണി കുരീത്തറ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.