കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം; നാലുസീറ്റുകള്‍ ആവശ്യപ്പെടും
ഇടതുമുന്നണിയില്‍ കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം. സിറ്റിംഗ് സീറ്റായ കോട്ടയം ഉള്‍പ്പെടെ നാല് സീറ്റുകള്‍ ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര സീറ്റുകളില്‍ ഏതെങ്കിലും മൂന്നെണ്ണം കൂടി ആവശ്യപ്പെടാനാണ് തീരുമാനം. കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയിലാണ് തീരുമാനങ്ങള്‍. കോട്ടയത്ത് വച്ചാണ് യോഗം നടക്കുന്നത്.
കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ ആവശ്യപ്പെടണമെന്ന് കോട്ടയത്ത് കഴിഞ്ഞ തവണ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉള്‍പ്പെടെ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസ് എം ഇടതുചേരിയില്‍ എത്തിയതിന് ശേഷമുള്ള ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ വേണമെന്ന കാര്യം അനൗദ്യോഗികമായി കേരള കോണ്‍ഗ്രസ് എം സിപിഐഎം നേതാക്കളോട് പല ഘട്ടത്തിലും പറഞ്ഞിരുന്നു. സീറ്റുകള്‍ ഔദ്യോഗികമായി തന്നെ ആവശ്യപ്പെടാനാണ് ഉന്നതാധികാര സമിതിയില്‍ തീരുമാനമായിരിക്കുന്നത്.
അടുത്ത ഇടത് മുന്നണി യോഗത്തില്‍ തന്നെ കേരള കോണ്‍ഗ്രസ് എം ഈ ആവശ്യം മുന്നോട്ടുവയ്ക്കുമെന്നാണ് വിവരം. നാലുസീറ്റുകള്‍ എന്ന ആവശ്യം നിരാകരിക്കപ്പെട്ടാല്‍ കോട്ടയം ഉള്‍പ്പെടെ രണ്ട് സീറ്റുകള്‍ എങ്കിലും വാങ്ങിയെടുക്കാനാണ് കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചിരിക്കുന്നത്.