Wednesday, April 16, 2025
National

‘നിരോധിത സംഘടനയില്‍പ്പെട്ടവര്‍ക്ക് വേദി നല്‍കരുത്’; ഖാലിസ്ഥാന്‍ വിവാദത്തിനിടെ മാധ്യമങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

ഇന്ത്യ-കാനഡ നയതന്ത്ര ഏറ്റുമുട്ടലിനിടെ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. നിരോധിത സംഘടനകളില്‍പ്പെട്ടവര്‍ക്ക് വേദി നല്‍കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. നിരോധിത സംഘടന പ്രതിനിധിയെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ച സാഹചര്യത്തിലാണ് നടപടി.കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇന്ത്യ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശവും പുറത്തെത്തിയത്.

തീവ്രവാദികള്‍ക്ക് പ്ലാറ്റ്‌ഫോം നല്‍കരുതെന്ന് വിശദീകരിച്ചാണ് മാധ്യമങ്ങള്‍ക്കുള്ള കേന്ദ്രനിര്‍ദേശം. കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റെഗുലേഷന്‍ നിയമത്തിന്റെ സെക്ഷന്‍ 20 ചൂണ്ടിക്കാട്ടി ടെലിവിഷന്‍ ചാനലുകള്‍ അവരുടെ ഉള്ളടക്കത്തില്‍ നിയമം അനുശാസിക്കുന്ന വ്യവസ്ഥകള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രം ഊന്നിപ്പറയുകയും ചെയ്തു.

അതേസമയം ഖാലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരെന്ന മുന്‍ നിലപാടില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉറച്ചുനില്‍ക്കുകയാണ്. കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കരുതാന്‍ വിശ്വസനീയമായ കാരണമുണ്ടെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി പറയുന്നത്. വിഷയത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്ന് ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *