Saturday, December 28, 2024
World

‘ഇന്ത്യയെ പ്രകോപിപ്പിക്കാനില്ല; വിഷയം ഗൗരവമായി കാണണം’; ജസ്റ്റിന്‍ ട്രൂഡോ

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നീക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വിഷയം ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഹര്‍ദീപ് സിങ് നിജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു.

ഹര്‍ദീപ് സിങ് നിജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. എന്നാല്‍ കാനഡയുടെ ആരോപണം അസംബന്ധം ആണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ആരോപണം നിഷേധിച്ച ഇന്ത്യ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. 5 ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിര്‍ദേശം നല്‍കുകയും ചെയ്തു. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ നടത്തുന്ന ഇടപെടലിന്റേയും അവരുടെ ഇന്ത്യാ വിരുദ്ധ നടപടികളുടേയും ഭാഗമായാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ജൂണിലാണ് ഹര്‍ദീപ് സിങ് നിജാര്‍ കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടു പേരെത്തി ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *