Friday, January 3, 2025
World

ഖലിസ്ഥാന്‍ നേതാവിന്റെ മരണത്തില്‍ ഇന്ത്യക്ക് പങ്കെന്ന് ആരോപണം; നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ

ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നു. കാനേഡിയന്‍ പൗരനായ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയയുടെ ആരോപണം. കാനഡയുടെ മണ്ണില്‍ കനേഡിയന്‍ പൗരനെ വധിക്കാന്‍ മറ്റൊരു രാജ്യം ഇടപ്പെട്ടത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ആരോപണത്തിന് പിന്നാലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. സംഭവത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. കഴിഞ്ഞ ജൂണിലാണ് ഹര്‍ദീപ് സിങ് നിജാര്‍ കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടു പേരെത്തി ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കാന്‍ ഇന്ത്യയ്ക്ക് സമ്മര്‍ദ്ദം ചെലുത്തുമെന്ന് കാനഡ. നേതൃത്വം നല്‍കിയെന്ന് കാനഡ കരുതുന്ന ഇന്ത്യന്‍ ഇന്റലിജന്‍സ് മേധാവിയെ രാജ്യത്ത് നിന്ന് പുറത്താക്കിയതായി കാനഡയുടെ വിദേശകാര്യമന്ത്രി പറഞ്ഞു. ഈ മാസം ആദ്യം കാനഡ-ഇന്ത്യ സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമാകുന്നതിനിടെയാണ് നടപടി. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി കാനഡ സെപ്റ്റംബര്‍ 2ന് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *