Monday, January 6, 2025
National

വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു; ജസ്റ്റിന്‍ ട്രൂഡോ തിരികെ കാനഡയിലേക്ക്

വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലം നിശ്ചയിച്ച സമയത്ത് മടങ്ങാന്‍ കഴിയാതെ രാജ്യത്ത് തുടര്‍ന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കാനഡയിലേക്ക് യാത്ര തിരിച്ചു. വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിന് പിന്നാലെ എല്ലാവിധ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ട്രൂഡോ സ്വരാജ്യത്തേക്ക് മടങ്ങിയത്. ഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് ട്രൂഡോ ഇന്ത്യയില്‍ എത്തിയിരുന്നത്.

പ്രധാനമന്ത്രിയ്ക്ക് മടങ്ങാനായി കാനഡയില്‍ നിന്ന് സൈനിക വിമാനം എത്താനിരിക്കെയാണ് ട്രൂഡോയുടെ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കപ്പെത്. ഖലിസ്താന്‍ വാദികളെ പിന്തുണയ്ക്കുന്ന കനേഡിയന്‍ നയത്തെ ഇന്ത്യ കഠിനമായി വിമര്‍ശിച്ചതിന് പിന്നാലെ ഇന്ത്യയില്‍ ട്രൂഡോയ്ക്ക് അവഗണനയെന്ന സോഷ്യല്‍ മീഡിയ വാദങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ട്രൂഡോയുടെ വിമാനത്തിനും സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഇത് വീണ്ടും രൂക്ഷ പരിഹാസങ്ങള്‍ക്ക് കാരണമാകുകയായിരുന്നു.

ഇന്ത്യ മിഡില്‍ ഈസ്റ്റ്‌യൂറോപ്പ് ഇടനാഴിയെ കുറിച്ചും ബയോഫ്യുവല്‍സ് അലൈന്‍സ് പ്രഖ്യാപന വേളയിലും കനേഡിയന്‍ പ്രധാനമന്ത്രിയുടെ അഭാവം ഉള്‍പ്പെടെ ഇന്ത്യ-കാനഡ ബന്ധം ഉലയുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം കാനഡയില്‍ 19 ലക്ഷം ഇന്ത്യക്കാരാണ് ഉള്ളത്. അതായത് കനേഡിയന്‍ ജനസംഖ്യയുടെ 5.2% വരും ഇത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് മാത്രം മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിനായി കാനഡയിലേക്ക് പോയത്. മലയാളികള്‍ കൂടുതലായി കാനഡയിലേക്ക് ചേക്കേറുന്ന ഈ സമയത്ത് ഇന്ത്യ-കാനഡ ബന്ധത്തിലെ വിള്ളല്‍ കാനഡയിലെ ഇന്ത്യന്‍ സമൂഹത്തെ എത്രമാത്രം ബാധിക്കുമെന്നുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *