Saturday, April 19, 2025
National

മമത ബാനർജിയുമായി സഹകരിക്കില്ല; ബംഗാളിൽ വിട്ടുവീഴ്ച ഇല്ലെന്ന് സിപിഐഎം

ബംഗാളിൽ വിട്ടുവീഴ്ച ഇല്ലെന്ന് സിപിഐഎം. ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും ബംഗാളിൽ മമത ബാനർജിയുമായി സഹകരണം വേണ്ടെന്നനാണ് സിപിഐഎം നിലപാട്. ബംഗാളിൽ തെരഞ്ഞെടുപ്പ് സഖ്യമോ, സീറ്റ് ധാരണയോ വേണ്ടെന്നാണ് സിപിഐഎം തീരുമാനം. സംസ്ഥാന ഘടകത്തിന്റെ നിലപാട് ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗം അംഗീകരിച്ചു.ബംഗാളിൽ ബിജെപിയും ടിഎംസിയും ഒരു പോലെ ശത്രുക്കൾ എന്ന നിലപാട് തുടരും.

അതേസമയം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം.മുന്നണിയുടെ ശക്തി 28 പാര്‍ട്ടികളും അവയുടെ നേതാക്കളുമാണ്. അതിന് മുകളില്‍ ഒരു സമിതി രൂപീകരിച്ചതിനോട് യോജിപ്പില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

‘രാജ്യത്തിന്റെ ഭരണഘടനയും മതേതര ജനാധിപത്യ സ്വഭാവവും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതിന് വേണ്ടി ഇന്ത്യാ ബ്ലോക്കിന്റെ ഏകീകരണത്തിനും വിപുലീകരണത്തിനും വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിക്കും. കേന്ദ്ര, സംസ്ഥാന ഭരണങ്ങളില്‍ നിന്ന് ബിജെപിയെ അകറ്റിനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

രാജ്യത്തുടനീളം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാനും ജനങ്ങളെ അണിനിരത്താനുമുള്ള ഇന്ത്യ സഖ്യത്തിന്റെ നിലപാടിനെ സിപിഐഎം അംഗീകരിക്കുന്നു. തെരഞ്ഞെടുത്ത നേതാക്കളാണ് എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത്. അത്തരം തീരുമാനങ്ങള്‍ക്ക് തടസ്സമാകുന്ന സംഘടനാ സംവിധാനങ്ങള്‍ ഉണ്ടാകരുത്’- സിപിഐഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *