Wednesday, April 16, 2025
Kerala

ബിജെപി നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു

ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി പി മുകുന്ദന്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. 76 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്നു. ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക പ്രമുഖ് ആയിരുന്നു.

കരള്‍ അര്‍ബുദത്തിന്റെ നാലാം സ്‌റ്റേജിലായിരുന്ന പി പി മുകുന്ദന്‍ ദീര്‍ഘകാലമായി ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതോടൊപ്പം ശ്വാസകോശ സംബന്ധിയായ ചില ബുദ്ധിമുട്ടുകളും അദ്ദേഹത്തിനുണ്ടായിരുന്നു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് കുറച്ച് നാള്‍ മുന്‍പാണ് മാറ്റിയത്. രണ്ട് മാസക്കാലമായി അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞുവരികയായിരുന്നു. രാവിലെ 8.11ഓടെയാണ് മരണം സ്ഥിരീകരിച്ചത്. സംസ്‌കാരം കണ്ണൂരില്‍ വച്ച് നടക്കുമെന്നാണ് സൂചന.

45 വര്‍ഷം സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു പി പി മുകുന്ദന്‍. 16 വര്‍ഷക്കാലം ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി പദം അദ്ദേഹം അലങ്കരിച്ചിരുന്നു. ബിജെപി കേരള ഘടകത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച നേതാവാണ് പി പി മുകുന്ദന്‍.

1988 മുതല്‍ 1995വരെ ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയുടെ എം ഡിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1946ല്‍ കണ്ണൂരിലെ മണത്തനയിലാണ് പി പി മുകുന്ദന്റെ ജനനം. നടുവില്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടേയും കല്യാണിയമ്മയുടേയും മകനായാണ് ജനനം. ആര്‍എസ്എസ് പ്രചാരകനായാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് പിപി മുകുന്ദന്‍ കടന്നുവരുന്നത്. 1991 മുതല്‍ 2007 വരെ അദ്ദേഹം ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ ബിജെപിയുടെ സംഘടനാ ചുമതലയുടെ തലപ്പത്തുണ്ടായിരുന്ന ആളെന്ന പ്രത്യേകതയും പി പി മുകുന്ദനുണ്ട്. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *