Thursday, January 9, 2025
Kerala

ദീപപ്രഭയില്‍ തലസ്ഥാനം തിളങ്ങും; വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍ നാളെ

ഓണം കൂടാന്‍ നഗരത്തിലെത്തുന്നവരുടെ കണ്ണും മനസും നിറയ്ക്കുന്ന ദീപ വിസ്മയങ്ങള്‍ നാളെ വൈകിട്ട് മിഴി തുറക്കും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിലും നഗരമൊന്നാകെയും പ്രകാശപൂരിതമാക്കുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങിന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം വരെയുമുള്ള നഗരവീഥികള്‍ ഇനിയുള്ള ഒരാഴ്ചക്കാലം ദീപപ്രഭയാൽ വർണാഞ്ചിതമാകും.

ഇനിയുള്ള എട്ടു രാപ്പകലുകള്‍ തിരുവനന്തപുരം നഗരത്തില്‍ എവിടെയും കൊട്ടും പാട്ടും ആട്ടവും പൊടിപൊടിക്കും. തലസ്ഥാനത്തെ ഓണാഘോഷം ആവേശക്കൊടുമുടിയിലെത്തിക്കാന്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ 31 വേദികളിലായി 8,000 കലാപ്രതിഭകളാണ് അണിനിരക്കുന്നത്. കേരളത്തിന്റെ തനത് നാടന്‍ കലകള്‍ മുതല്‍ മെഗാ ഫ്യൂഷന്‍ സംഗീതം വരെ നിറഞ്ഞ് അക്ഷരാർഥത്തിൽ തലസ്ഥാനം കലാസ്ഥാനമാകും. വേദികളും കാഴ്ചകളും ഇങ്ങനെ…

കനകക്കുന്ന്
നഗരത്തിലെ ഓണാഘോഷ ആസ്ഥാനമായ കനകക്കുന്നിലെ അഞ്ചു വേദികളിലായി ഗംഭീര കലാവിരുന്നാണ് കാണികളെ കാത്തിരിക്കുന്നത്. പ്രധാന വേദിയായ നിശാഗന്ധിയില്‍ വിവിധ മലയാളം ടിവി ചാനലുകള്‍ നടത്തുന്ന മെഗാ ഷോ, പിന്നണി ഗായകരായ ബിജു നാരായണൻ, റിമി ടോമി ടീമൊരുക്കുന്ന സംഗീത നിശ, ലോക പ്രശസ്ത നർത്തകി മല്ലിക സാരാഭായിയും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി, മലബാര്‍ മെഹന്ദിയുടെ സൂഫി നൃത്തം, ടിനി ടോം – കലാഭവന്‍ പ്രജോദ് സംഘം അവതരിപ്പിക്കുന്ന മെഗാ ഷോ, കൃഷ്ണ സുരേഷിന്റെ കുച്ചുപ്പുടി, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ഫ്യൂഷന്‍ മ്യൂസിക്, കലാമണ്ഡലത്തിന്റെ മഴയൊലി നൃത്തം, ഷഹബാസ് അമന്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ,പ്രിയ അക്കൗട്ടിന്റെ ഭരതനാട്യം, ഹരിശങ്കറും സംഘവും അവതരിപ്പിക്കുന്ന ബാന്‍ഡ് എന്നിവയാണ് പ്രധാന ആകര്‍ഷണം.

തിരുവരങ്ങ്
കനകക്കുന്നിന്റെ കിഴക്കുഭാഗത്ത് തയ്യാറാക്കുന്ന തിരുവരങ്ങ് വേദിയില്‍ നാടന്‍ കലാരൂപങ്ങളാണ് പ്രധാന ആകര്‍ഷണം. ചരട് പിന്നിക്കളി, പുള്ളുവന്‍ പാട്ട്, കണ്യാര്‍കളി, തെയ്യം, പൂരക്കളി, വില്‍പ്പാട്ട്, സര്‍പ്പം പാട്ട് തുടങ്ങിയവ കാണികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കും.

സോപാനം
നിശാഗന്ധിക്കും കനകക്കുന്ന് കൊട്ടാരത്തിനും ഇടയില്‍ തയ്യാറാക്കിയ സോപാനം വേദിയിലും നാടന്‍ കലകളാണ് അവതരിപ്പിക്കുക. പൊറാട്ടുനാടകം, ചവിട്ടുനാടകം, കാക്കാരിശി നാടകം,പൂപ്പട തുള്ളല്‍, തോല്‍പ്പാവക്കൂത്ത് തുടങ്ങിയവയാണ് ഈ വേദിയിലെ വിഭവങ്ങള്‍.

സൂര്യകാന്തി
കനകക്കുന്നില്‍ ഫുഡ് സ്റ്റോളിന് സമീപമുള്ള സൂര്യകാന്തി വേദിയില്‍ വിവിധ ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന ഗാനമേളയാണ് പ്രധാന പരിപാടി.

കനകക്കുന്ന് ഗേറ്റ്
കനകക്കുന്ന് ഗേറ്റില്‍ എത്തിയാല്‍ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണി മുതല്‍ വാദ്യമേളങ്ങളുടെ സമ്മേളനം ആസ്വദിക്കാം. പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം ഫ്യൂഷന്‍ തുടങ്ങിയവ കനകക്കുന്നില്‍ എത്തുന്നവരെ ആവേശക്കൊടുമുടിയില്‍ എത്തിക്കും.

സെന്‍ട്രല്‍ സ്റ്റേഡിയം, തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ട്
മലയാളത്തിലെ പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോകള്‍ ആണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെയും തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ടിലെയും പ്രധാന ആകര്‍ഷണം. നരേഷ് അയ്യര്‍, സിത്താര, ജോബ് കുര്യന്‍, ജാസി ഗിഫ്റ്റ്, സൂരജ് സന്തോഷ് തുടങ്ങിയ പ്രമുഖരാണ് ഇവിടെ പരിപാടി അവതരിപ്പിക്കുക.

പൂജപ്പുര
പ്രശസ്ത ഗായകരുടെ ഗാനമേളയാണ് പൂജപ്പുര വേദിയുടെ പ്രത്യേകത.ഉണ്ണി മേനോന്‍,നിത്യ മാമന്‍, അപര്‍ണ രാജീവ്,സുദീപ് കുമാര്‍ തുടങ്ങിയവര്‍ ഈ വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കും.

ഗ്രീന്‍ഫീല്‍ഡ്, കഴക്കൂട്ടം
ഗായത്രി, നിഷാദ്,പന്തളം ബാലന്‍,നജീം അര്‍ഷാദ്, രഞ്ജിനി ജോസ് തുടങ്ങിയവരുടെ ഗാനമേള.

നഗരത്തിലെ മറ്റു പ്രമുഖ വേദികളിലെ കലാപരിപാടികള്‍ കൂടി നോക്കാം: കനകക്കുന്ന് അകത്തളം- കലാമണ്ഡലത്തിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കഥകളി. ശംഖുമുഖം-വിവിധ നൃത്തനൃത്ത്യങ്ങള്‍,ഗാനമേള, മെഗാഷോ. ഭാരത് ഭവന്‍- ശെമ്മാങ്കുടി ഹാള്‍- പ്രമുഖര്‍ അവതരിപ്പിക്കുന്ന കര്‍ണാടക സംഗീതം, ശാസ്ത്രീയ സംഗീതം.ഭാരത് ഭവന്‍ മണ്ണരങ്ങ് ഓപ്പണ്‍ എയര്‍ തിയേറ്റര്‍- കേരള നടനം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ വിവിധ ശാസ്ത്രീയ നൃത്തരൂപങ്ങള്‍. ഗാന്ധി പാര്‍ക്കിൽ പ്രമുഖ കാഥികര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗങ്ങള്‍.അയ്യങ്കാളി ഹാള്‍- പ്രൊഫഷണല്‍ നാടകം, കഥയങ്ങ്, കവിയരങ്ങ് എന്നിവ ഈ വേദിയില്‍ അരങ്ങേറും.

മ്യൂസിയം കോമ്പൗണ്ട്- രണ്ടു വ്യത്യസ്ത വേദികളിലായി കളരിപ്പയറ്റും നാടകങ്ങളും അരങ്ങേറും. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍- ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ശാസ്ത്രീയ നൃത്തരൂപങ്ങള്‍. ബാപ്പുജി ഗ്രന്ഥശാല, പേരൂര്‍ക്കട- തിരുവാതിര, നാടകം, ജുഗല്‍ബന്തി, കഥാപ്രസംഗം തുടങ്ങി വിവിധ കലാരൂപങ്ങള്‍. പബ്ലിക് ഓഫീസ് കോമ്പൗണ്ട്- വിവിധ ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന ഗാനമേള. ശ്രീവരാഹം- നാടകം, ശാസ്ത്രീയ സംഗീതം, ഗാനമേള തുടങ്ങിയവ. വെള്ളായണി- ഭരതനാട്യം, നാടന്‍പാട്ട്, ചെണ്ടമേളം. നെടുമങ്ങാട്-കളരിപ്പയറ്റ്, ബാന്‍ഡ്, ഗസല്‍,നാടകം. മടവൂര്‍ പാറ- വിവിധ കലാപരിപാടികള്‍.ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, ചെമ്പഴന്തി, വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ്, എന്നിവിടങ്ങളിലും വിവിധ കലാരൂപങ്ങള്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *