Thursday, January 23, 2025
Kerala

ഭിന്നശേഷി കലാകാരന്‍മാരുടെ ഗാനമേള ട്രൂപ്പിന് ഉജ്ജ്വല തുടക്കം, പാട്ടിനൊപ്പം ചുവട് വെച്ച് മന്ത്രി ആര്‍ ബിന്ദു

കോട്ടയം എലിക്കുളത്ത് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി പഞ്ചായത്ത് രൂപീകരിച്ച ഗാനമേള ട്രൂപ്പിന് ഉജ്ജ്വല തുടക്കം. ഉദ്ഘാടകയായെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ജനപ്രതിനിധികള്‍ക്കും വയോജനങ്ങള്‍ക്കുമൊപ്പം ചുവടുവെച്ചാണ് ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കിയത്.

കഴിവില്ലാത്തവരെന്നു മുദ്രകുത്തപ്പെടുന്നവരുടെ ഉള്ളിനുള്ളിലെ കഴിവുകൾ കണ്ടെത്തി, അവരെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന സംരംഭങ്ങളിൽ പങ്കാളിയാകുമ്പോൾ ആരുടെ ഹൃദയവും നൃത്തം ചെയ്യുമെന്ന് മന്ത്രി ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ഉൾപ്പെടുത്തി എലിക്കുളം ഗ്രാമപഞ്ചായത്ത് രൂപീകരിച്ച ‘മാജിക് വോയ്സ്’ ഗാനമേള ട്രൂപ്പിന് തുടക്കംകുറിച്ചുവെന്നും മന്ത്രി കുറിച്ചു.

അരയ്ക്ക് താഴോട്ട് തളര്‍ന്ന് പോയവരടക്കം ശാരീരിക പരിമിതികള്‍ മൂലം വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയവര്‍ക്കായാണ് ഗ്രാമ പ‍ഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഗാനമേള ട്രൂപ്പ് സംഘടിപ്പിച്ചത്. പഞ്ചായത്തിന്‍റെ പദ്ധതി വിഹിതത്തില്‍പ്പെടുത്തിയാണ് ട്രൂപ്പിനുളള സംഗീത ഉപകരണങ്ങള്‍ വാങ്ങി നല്‍കിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷി കലാകാരന്‍മാ‍ര്‍ക്കായി സംഗീത ട്രൂപ്പ് സംഘടിപ്പിക്കുന്നതെന്ന് എലിക്കുളം ഗ്രാമപഞ്ചായത്ത് അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *