സംസ്ഥാന സ്കൂൾ കലോത്സവം; ഇന്ന് ജനപ്രിയ ഇനങ്ങൾ
അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങൾ വേദിയിൽ എത്തും. പ്രധാന വേദിയായ വിക്രം മൈതാനിയിൽ ഒപ്പന, നാടോടിനൃത്തം മത്സരങ്ങൾ അരങ്ങേറും. വലിയ ജനാവലി മുഖ്യവേദിയിൽ ഇന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടാതെ ഭാരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടകം, കഥാപ്രസംഗം, പ്രസംഗം, ഡഫ്മുട്ട്, പൂരക്കളി, നങ്യാർക്കൂത്ത്, ചാക്യർക്കൂത്ത്, പഞ്ചവാദ്യം തുടങ്ങിയ മത്സര ഇനങ്ങളും ഇന്ന് വിവിധ വേദികളിലായി നടക്കും.
ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 232 പോയിൻറുമായി കണ്ണൂരാണ് ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 226 പോയിൻറുമായി രണ്ടാമത്. 221 പോയിൻറുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയൻ്റുള്ള തൃശൂർ നാലാം സ്ഥാനത്താണ്. 60 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്.
ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ ആകെയുള്ള 96 ഇനങ്ങളിൽ 21 എണ്ണമാണ് പൂർത്തിയായത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 105ൽ 29, ഹൈസ്‌കൂൾ അറബിക് – 19ൽ ആറ്, ഹൈസ്‌കൂൾ സംസ്‌കൃതം – 19ൽ നാല് എന്നിങ്ങനെയാണ് പൂർത്തിയായ ഇനങ്ങൾ. രണ്ടാം ദിനമായ ഇന്ന് 59 മത്സരങ്ങൾ വേദി കയറും. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്കൂൾ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങൾ ആരംഭിക്കും. ആദ്യ ദിവസത്തെ പല മത്സരങ്ങളും സമയക്രമം തെറ്റി ആരംഭിച്ചതോടെ വളരെ വൈകിയാണ് വേദികൾ ഉറങ്ങിയത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയായ വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനമാണ്. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയായ വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനമാണ്. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി.