ദുബൈ എക്‌സ്‌പോയിൽ സംഗീത ഇന്ദ്രജാലവുമായി എ ആർ റഹ്മാന്റെ ഫിർദൗസ് ഓർകസ്ട്ര
വനിത സംഗീതജ്ഞരെ മാത്രം ഉൾപ്പെടുത്തി ഓസ്‌കാർ ജേതാവ് രൂപീകരിച്ച ഫിർദൗസ് ഓർകസ്ട്രയുടെ ആദ്യ അവതരണം ദുബൈ എക്‌സ്‌പോ 2020ൽ നടന്നു. എക്‌സ്‌പോയിലെ ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ടാണ് ഫിർദൗസിന്റെ ആദ്യ പരിപാടി നടന്നത്. എക്‌സ്‌പോ വില്ലേജിലെ ജൂബിലി സ്‌റ്റേജിൽ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് പരിപാടി ആരംഭിച്ചത്.
23 അറബ് രാജ്യങ്ങളിലെ 50 വനിതാ സംഗീതജ്ഞരാണ് ഓർകസ്ട്രയിലുള്ളത്. യാസ്മിന സബയാണ് സംഗീതപരിപാടി നയിച്ചത്. ആയിരങ്ങളാണ് റഹ്മാന്റെ സംഗീത പരിപാടി ആസ്വദിക്കാനായി ജൂബിലി സ്റ്റേജിൽ തടിച്ചു കൂടിയത്. വളരെ നേരത്തെ എത്തിയവർക്ക് മാത്രമായിരുന്നു സീറ്റ് ലഭിച്ചത്. പാശ്ചാത്യ ശാസ്ത്രീയ സംഗീതവും റഹ്മാൻ കമ്പോസ് ചെയ്ത സംഗീതവും ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു സംഗീത പരിപാടി
.എക്‌സ്‌പോ ടിവി വഴി സംഗീതപരിപാടിയുടെ ലൈവ് ബ്രോഡ്കാസ്റ്റിംഗുമുണ്ടായിരുന്നു. ലോകത്തോര വേദിയിൽ മികച്ച സംവിധാനമൊരുക്കി പരിഗണിച്ച എക്‌സ്‌പോ സംഘാടകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് റഹ്മാൻ പരിപാടി അവസാനിപ്പിച്ചത്.