ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് സ്വീകരിച്ച് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് സ്വീകരിച്ച് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍. കെ മുരളീധരന് പിന്നാലെ ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടനയില്‍ രമേശ് ചെന്നിത്തലയുടെ സമ്മര്‍ദത്തിന് ഹൈക്കമാന്‍ഡ് വഴങ്ങാന്‍ സാധ്യതയില്ലെന്നും സൂചനയുണ്ട്.
മത്സരിക്കില്ലെന്ന കെ മുരളീധരന്റെ നിലപാടിന് പിന്നാലെയാണ് ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും നിലപാട് അറിയിച്ചിരിക്കുന്നത്. കെ മുരളീധരന് മാത്രമായി പ്രത്യേകത ഇല്ല. തങ്ങള്‍ക്കും ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ട് എന്നാണ് നേതാക്കള്‍ വിശദീകരിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടനയില്‍ രമേശ് ചെന്നിത്തലയുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. രമേശ് ചെന്നിത്തല വിലപേശലിനാണ് ശ്രമിക്കുന്നതെന്ന ധാരണയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്. തന്റെ പ്രവര്‍ത്തന മേഖല കേരളത്തില്‍ നിന്ന് മാറ്റാന്‍ തയാറല്ലെന്ന നിലപാട് രമേശ് ചെന്നിത്തല സ്വീകരിച്ചതിനാലാണ് രമേശ് ചെന്നിത്തലയെ സ്ഥിരം പ്രതിനിധിയാക്കത്തത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. ഈ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തലയുടെ സമ്മര്‍ദങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഈ അഭിപ്രായം എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.