കോഴിക്കോട് മുക്കത്ത് പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി; പേ വിഷബാധയുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും
കോഴിക്കോട് മുക്കത്ത് 4 കുട്ടികൾ ഉൾപ്പെടെ പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി. മണാശേരി കോദാലത്ത് വയലിലാണ് രാത്രി നടത്തിയ തിരച്ചിലൊടുവിൽ നായയെ കണ്ടെത്തിയത്. പേ വിഷബാധയുടെ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ പുറത്ത് വരും.
മുക്കം, മാമ്പറ്റ , കുറ്റിപ്പാല ,മണാശ്ശേരി ഭാഗങ്ങളിലാണ് നായ ഭീതി വിതച്ചത്. രാത്രി വൈകിയും ആക്രമണം തുടർന്നതോടെയാണ് മുക്കം നഗര സഭ അധിക്യതരും നാട്ടുകാരും തിരച്ചിൽ നടത്തുകയും വയലിൽ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തത്. നായയുടെ ജഡം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യർത്ഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പേ വിഷബാധയുടെ പരിശോധന റിപ്പോർട്ട് പുറത്ത് വരുന്നത് വരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുക്കം നഗര സഭയുടെ നിർദേശം.