Thursday, October 17, 2024
World

പുടിന്‍ ഒന്നും അറിയാതെയിരിക്കാന്‍ വഴിയില്ല, വാര്‍ത്തയില്‍ അത്ഭുതവുമില്ല’; പ്രിഗോഷിന്റെ ദുരൂഹ മരണത്തില്‍ ജോ ബൈഡന്‍

വിമാനാപകടത്തില്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അറിവില്ലാതെ ഇതൊന്നും നടക്കാന്‍ സാധ്യതയില്ലെന്നാണ് ജോ ബൈഡന്റെ പ്രതികരണം. അമേരിക്കയുടെ കണ്ണിലെ കരടായിരുന്ന പ്രിഗോഷിന്‍ അമേരിക്കയിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്ന് പരസ്യമായി സമ്മതിക്കുകയും ചെയ്തിരുന്നു.

എന്താണ് നടന്നത് എന്ന് ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും എങ്ങനെയായാലും ഈ വാര്‍ത്തയില്‍ അത്ഭുതപ്പെടാനില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് ബൈഡന് വിശദീകരിച്ചു. പ്രിഗോഷിന്‍ താന്‍ ആയിരുന്നെങ്കില്‍ താന്‍ വളരെ സൂക്ഷ്മത പുലര്‍ത്തിയേനെയെന്ന് മുന്‍പ് ബൈഡന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. കഴിയ്ക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടെ പ്രിഗോഷിന്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും ബൈഡന്‍ സൂചിപ്പിച്ചിരുന്നു.

മോസ്‌കോയുടെ വടക്ക് ഭാഗത്തുള്ള ത്വെര്‍ മേഖലയില്‍ വച്ചാണ് ഇന്നലെ പ്രിഗോഷിന്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടത്. മോസ്‌കോയിലേക്ക് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പോകുകയായിരുന്ന വിമാനം തകര്‍ന്നുവീണെന്ന് റഷ്യയുടെ എമര്‍ജന്‍സി സിറ്റുവേഷന്‍സ് മന്ത്രാലയമാണ് ആദ്യമായി സ്ഥിരീകരിക്കുന്നത്. പിന്നീട് വിമാനത്തില്‍ പത്ത് പേര്‍ ഉണ്ടായിരുന്നെന്നും അതില്‍ പ്രിഗോഷിനും ഉള്‍പ്പെട്ടിരുന്നെന്നും വ്യോമയാന മന്ത്രാലയം സ്ഥിരീകരിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ പത്തുപേരും കൊല്ലപ്പെട്ടെന്നാണ് റഷ്യന്‍ മാധ്യമമായ സ്പുട്‌നിക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് പ്രിഗോഷിന്‍ താന്‍ ജീവനോടെയുണ്ടെന്നും ആഫ്രിക്കയിലാണ് ഇപ്പോഴുള്ളതെന്നും സൂചിപ്പിച്ച് ഒരു വിഡിയോ പുറത്തിറക്കിയിരുന്നത്. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയുടെ പ്രധാന സൈനിക സ്വത്തായിരുന്ന വാഗ്‌നര്‍ ഗ്രൂപ്പിനെ നയിച്ചിരുന്നത് പ്രിഗോഷിനാണ്. എന്നാല്‍ റഷ്യന്‍ സൈന്യവുമായുള്ള അഭിപ്രായ ഭിന്നതയ്‌ക്കൊടുവില്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രിഗോഷിന്‍ റഷ്യന്‍ ഭരണകൂടത്തിനെതിരെ അട്ടിമറി ഭീഷണി ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് വിമത നീക്കത്തില്‍ നിന്ന് പിന്തിരിയുന്നുവെന്നും തന്റെ സൈന്യം ക്യാമ്പിലേക്ക് തിരികെ പോകുന്നുവെന്നും പ്രിഗോഷിന്‍ തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.