പുതുപ്പള്ളി ഉറപ്പിക്കാൻ യുഡിഎഫ് തന്ത്രങ്ങൾ; പ്രചാരണത്തിന്‍റെ തലപ്പത്ത് വി ഡി, ലക്ഷ്യം പഴുതടച്ചുള്ള പ്രവർത്തനം
കോട്ടയം: തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യം. ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ പ്രചാരണത്തിന്‍റെ മുൻപന്തിയിലുണ്ടാകും.
പുതുപ്പള്ളി പ്രചാരണത്തിന്‍റെ തലപ്പത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൊട്ടുതാഴെ ഇടതും വലതുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും, ഇങ്ങനെയാണ് യുഡിഎഫിന്‍റെ പുതുപ്പള്ളി പ്രചാരണത്തിന്‍റെ ഒന്നാം പേജ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനാണ് വി ഡിയുടെ സാന്നിധ്യം. മണ്ഡലമറിഞ്ഞുള്ള ചരടുവലിക്ക് പുതുപ്പള്ളിയെ രണ്ടായി പകുത്താണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനും ചുമതല നല്‍കിയിരിക്കുന്നത്. ഇരുവരും പുതുപ്പള്ളിയുടെ മണ്ണറിയുന്ന നേതാക്കളാണ്.