രാജസ്ഥാനിൽ കർണി സേന തലവന് വെടിയേറ്റു; മുൻ പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ
രാജസ്ഥാനിലെ ഉദയ്പൂരിൽ വലതുപക്ഷ രജപുത്ര സംഘടനയായ കർണി സേനയുടെ സംസ്ഥാന അധ്യക്ഷന് വെടിയേറ്റു. ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഭൻവർ സിങ്ങിന് വെടിയേറ്റത്. അധ്യക്ഷന് നേരെ വെടിയുതിർത്ത മുൻ പാർട്ടി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉദയ്പൂരിൽ രജപുത്ര കർണി സേനയുടെ യോഗം നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. നാടൻ തോക്കുപയോഗിച്ചാണ് വെടിയുതിർത്തത്. ഭൻവർ സിങ്ങിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടി. ദിഗ് വിജയ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ അണികൾ പിടികൂടി ക്രൂരമായി മർദ്ദിച്ച ശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ നിലയും അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പഴയ വൈരാഗ്യമാണ് വെടിവെപ്പിന് കാരണമെന്ന് പ്രഥമദൃഷ്ട്യാ പൊലീസ് സംശയിക്കുന്നു.