പാലക്കാട്ട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
പാലക്കാട് ചാലിശ്ശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ മുഖ്യമന്ത്രിയുടെ ചാലിശേരിയിലെ സന്ദർശനത്തിനോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ കൂടുതൽ പ്രവർത്തകർ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കൂറ്റനാട് പിലാക്കാട്ടിരി സ്വദേശിയുമായ എകെ ഷാനിബ്,കോൺഗ്രസ് നാഗലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെപിഎം ഷെരീഫ്,നാഗലശ്ശേരി പഞ്ചായത്ത് മെമ്പർ സലീം,നാഗലശ്ശേരി സ്വദേശിയായ അസീസ് എന്നിവരെയാണ് ചാലിശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ അറസ്റ്റ് ചെയ്തിരുന്നു. രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് കൂട്ടികൊണ്ട് പോയത്. 151 സിആർപിസി വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കൽ ആണെന്നാണ് ചാലിശേരി പൊലീസിന്റെ വിശദീകരണം.
ചാലിശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിലാണ് എത്തുന്നത്. സുരക്ഷയ്ക്ക് കൂടുതൽ പൊലീസുകാരെ വിന്യസിക്കാൻ ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. കരിങ്കൊടി പ്രതിഷേധങ്ങൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് നീക്കം.