Tuesday, March 11, 2025
Kerala

സംസ്ഥാന ബിജെപിയ്ക്ക് ഒറ്റയ്ക്ക് നീങ്ങാനാകില്ല’; ദേശീയ നേതൃത്വത്തിനൊപ്പമെന്ന് ശോഭാ സുരേന്ദ്രൻ

സംസ്ഥാന ബിജെപിയ്ക്ക് ഒറ്റയ്ക്ക് നീങ്ങാനാകില്ലെന്ന് ആവർത്തിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ദേശീയ നേതൃത്വത്തിനൊപ്പമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ദേശീയ സംസ്ഥാന ഘടകങ്ങൾ ഒന്നിച്ചേ ഭാവി തീരുമാനമെടുക്കാൻ കഴിയൂ. എല്ലാവർക്കും പ്രവർത്തിക്കാൻ വേദിയുണ്ടാവുക എന്നതാണ് പ്രധാനം. കൂടുതൽ ആളുകൾ ചുമതലയിലേക്ക് വരുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

മിത്ത് പരാമർശത്തിൽ ഷംസീറിന് പറ്റിയ അബദ്ധമല്ലെന്നും സിപിഐഎം ആലോചിച്ചെടുത്ത തീരുമാനമാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ശബരിമലയിൽ പ്രവേശിപ്പിക്കാൻ സ്ത്രീകളെ കൊണ്ടുവന്ന സംഭവത്തിന്റെ സൂത്രധാരൻ ഷംസീർ ആയിരുന്നെന്നും അവർ പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വിചാരിക്കുന്നത് കേരളത്തിലെ മുസ്ലിം വിശ്വാസികളും ഹിന്ദു വിശ്വാസികളും തമ്മിൽ ചേരിപോര് ഉണ്ടാക്കാൻ സാധിക്കുമോ എന്നാണ്. ഗണപതിയെക്കുറിച്ച് പറഞ്ഞ് ഇസ്ലാം ഭീകരവാദികളെ പാർട്ടിക്ക് ഒപ്പം കൊണ്ടുവരാൻ സാധിക്കുമോ എന്നാണ് ഷംസീർ നോക്കുന്നത്. ഇത് അബദ്ധമല്ല. അതുകൊണ്ടാണ് മാപ്പ് ചോദിക്കാത്തത്. സിപിഐഎമ്മിന് ആർജവമുണ്ടെങ്കിൽ അമ്പലക്കമ്മിറ്റിയിലെ സഖാക്കളെ പിൻവലിക്കണം.

അയ്യപ്പന്റെ ആചാരത്തെയും അനുഷ്ഠാനത്തെയും തകർക്കാൻ സിപിഐഎം ഗൂഢാലോചന നടത്തിയപ്പോൾ അന്നത്തെയും ഇന്നത്തെയും മുഖ്യമന്ത്രി വരച്ച വരയിലൂടെ പോകാൻ മനസ്സില്ലെന്നു പറഞ്ഞുകൊണ്ട് കേസുകൾ ഏറ്റെടുത്തു. അതൊന്നും മറന്നിട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *