Tuesday, March 11, 2025
National

സ്പീക്കറുടെ ഒഴിഞ്ഞുമാറ്റം, രാഹുൽ ലോക്സഭയിലെത്തുന്നത് വൈകിപ്പിക്കാൻ ശ്രമം; ആരോപണവുമായി കോൺഗ്രസ്

ദില്ലി : രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്ന നടപടി വൈകിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന ആരോപണനുമായി കോൺഗ്രസ്. ലോക്സഭാ സ്പീക്കർ നടപടികളിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും ഇന്ന് കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ സെക്രട്ടറി ജനറലിനെ കാണാൻ ആവശ്യപ്പെട്ടുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. സ്പീക്കറുടെ നിർദ്ദേശ പ്രകാരം സെക്രട്ടറി ജനറലിനെ വിളിച്ചപ്പോൾ ഓഫീസ് അവധിയാണെന്ന മറുപടിയാണ് കിട്ടിയത്. കത്ത് സ്പീക്കർക്ക് നൽകാനും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. കത്തയച്ചെങ്കിലും സീൽ ചെയ്യാതെ ഒപ്പിടുക മാത്രമാണ് ഉണ്ടായതെന്നും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. രാഹുൽ പാർലമെന്റിലെത്തുന്നത് വൈകിപ്പിക്കാൻ ശ്രമം നടക്കുന്നതായാണ് കോൺഗ്രസ് ആരോപണം.

ഇന്നലെയാണ് അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവിട്ടത്. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി. ലോക്സഭ തെര‍ഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസിന് കിട്ടിയ രാഷ്ട്രീയ ഊര്‍ജമായാണ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധി വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *