Thursday, April 17, 2025
Kerala

ഗ്രൂപ്പ് തര്‍ക്കം; പറന്നെത്തി താരിഖ് അൻവർ, നേതാക്കളുമായി ചർച്ച ഉടൻ

കൊച്ചി: സംസ്ഥാനത്തെ ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാന്‍ എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. കൊച്ചിയില്‍ എത്തുന്ന അദ്ദേഹം കെപിസിസിയുടെ പഠന ക്യാമ്പില്‍ പങ്കെടുക്കും. ഇവിടെ വച്ച് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ക്യാമ്പില്‍ പ്രധാനഗ്രൂപ്പ് നേതാക്കള്‍ പങ്കെടുക്കാത്ത പശ്ചാത്തലത്തില്‍ അവരെ വിളിച്ചുവരുത്തിയേക്കും. കേരളത്തില്‍ ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്നും ഹൈക്കമാന്‍റിന് മുന്നില്‍ ഒന്നിച്ച് പരാതി പറയാമെന്നുമാണ് എ,ഐ ഗ്രൂപ്പുകളുടെ ധാരണ. അതേസമയം കെപിസിസി പ്രസിഡന്‍റുമായും പ്രതിപക്ഷനേതാവുമായും താരീഖ് അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തും.

സംയുക്ത ഗ്രൂപ്പ് യോഗത്തിനെതിരെ തുറന്നടിച്ചു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സീനിയർ മോസ്റ്റ് നേതാക്കൾ പങ്കെടുത്തത് ശരിയായില്ല. ഇത്രയും നാൾ സൗഭാഗ്യം അനുഭവിച്ച നേതാക്കൾ ആണ് യോഗം ചേർന്നത്. ഗ്രൂപ്പ് യോഗത്തിൽ അണികൾക്ക് കടുത്ത അമർഷമുണ്ട്. അതാണ് സമൂഹ മാധ്യമങ്ങളിൽ കാണുന്നതെന്നും സുധാകരൻ പറഞ്ഞു. സതീശനെതിരെ വിമർശനങ്ങൾ ശക്തമാവുന്ന സാഹചര്യത്തിൽ സതീശനെ തുണച്ചായിരുന്നു സുധാകരൻ്റെ പരാമർശം. വിഡിയോ താനോ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നില്ല. മുൻപ് വ്യക്തികൾ ആണ് പട്ടിക തയ്യാറാക്കിയത്. ഇത്തവണ വലിയ ചർച്ച നടന്നുവെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലും വിഡി സതീശനെതിരായ എഐ ഗ്രൂപ്പുകളുടെ യോജിച്ച നീക്കത്തിലും പ്രതികരണവുമായി കെ മുരളീധരന്‍ എംപി രംഗത്തെത്തി. ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോൺഗ്രസിൽ പതിവാണ്. അത് നേരത്തെ കെ. കരുണാകരനെതിരെയായിരുന്നു. ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടക്കട്ടെ. ആരു ജയിച്ചാലും അംഗീകരിക്കണം. കോൺഗ്രസിലും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് വേണം. ഇന്നത്തെ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *