Wednesday, April 16, 2025
Gulf

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ സർവിസിന് കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന് പ്രവാസി വെൽഫെയർ

വളരെയേറെ പ്രതീക്ഷയോടെ സംസ്ഥാന സർക്കാരിന്റെയും പൊതുമേഖലയുടെയും ജനപങ്കാളിത്തത്തോടെ യാഥാർത്ഥ്യമാക്കിയ കണ്ണൂർ വിമാനത്താവളത്തോടുള്ള യൂണിയൻ സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.

2018 ഡിസംബർ ഒമ്പതിന്‌ പ്രവർത്തനം ആരംഭിച്ച, ആദ്യ പത്ത് മാസത്തിനകം പത്ത് ലക്ഷം പേർ യാത്ര ചെയ്യുകയും 50 പ്രതിദിന സർവീസുകളും ആഴ്ചയിൽ 65 അന്താരാഷ്ട്ര സർവീസുകൾ നടത്തുകയും 2021 ഓഗസ്റ്റ്‌, സെപ്‌റ്റംബർ മാസങ്ങളിൽ ഏറ്റവുമധികം അന്താരാഷ്ട്ര യാത്രക്കാർ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ പത്ത്‌ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്ത കണ്ണൂർ വിമാനത്താവളത്തിനെ യൂണിയൻ സർക്കാർ അവഗണനയിലേക്ക് തള്ളിവിടുന്നത് നീതികരിക്കാനാവില്ല.

ചരക്ക് നീക്കത്തിന് ആവശ്യമായ വിമാനങ്ങൾ ഇല്ലാത്തതും കണ്ണൂർ വിമാനത്താവള നടത്തിപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചതോടെ യാത്രാനിരക്കിൽ വന്ന തീവെട്ടിക്കൊള്ളയും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തതും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രധാന പ്രതിസന്ധിക്ക് കാരണമാണ് എന്ന് പ്രവാസി വെൽഫെയർ അറിയിച്ചു.

ഉത്തര മലബാറിലെ കണ്ണൂര്‍, കാസര്‍കോട്, വയനാട്, കുടക് ഭാഗങ്ങളിലെ യാത്രക്കാർക്കു പുറമേ കർണാടകയിൽ നിന്നുള്ള യാത്രക്കാർക്കു കൂടി ഏറെ ആശ്വാസമാവുമെന്ന കരുതിയ പദ്ധതിയാണ് വിദേശ വിമാന കമ്പനികളുടെ സർവീസിനുള്ള അനുമതി (പോയിന്റ് ഓഫ് കോൾ പദവി) നൽകാത്ത യൂണിയൻ സർക്കാറിന്റെ പിടിപ്പുകേട് മൂലം പ്രതിസന്ധിയിലായിരിക്കുന്നത്.

രാജ്യത്തെ വിമാന സർവീസുകൾക്ക് സർവീസ് നടത്താൻ അനുമതി നൽകുകയോ കോഡ് ഷെയറിങ് വഴി രാജ്യത്തെ വിമാനകമ്പനികൾക്ക് ഗൾഫ് നാടുകളിലേക്ക് ഉൾപ്പെടെ ലോകത്ത് എല്ലായിടത്തും സർവീസ് നടത്താനുള്ള കണക്‌ഷൻ ഫ്ലൈറ്റ് സൗകര്യമെങ്കിലും ഒരുക്കി രാജ്യ താൽപര്യം ഉയർത്തിപ്പിടിക്കാൻ യൂണിയൻ സർക്കാർ തയാറാകണം എന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *