Thursday, October 17, 2024
Kerala

പ്രവാസി പുനരധിവാസം യാഥാർഥ്യമാക്കാൻ കേന്ദ്രസഹായം പ്രഖ്യാപിക്കുക; പ്രവാസി കൂട്ടായ്മ

കോഴിക്കോട്: സ്വദേശി വൽക്കരണവും കോവിഡ് വ്യാപനവും പ്രതിസന്ധിയിലാക്കിയ പ്രവാസികൾക്ക് ഉചിതമായ പുനരധിവാസം ഉറപ്പു വരുത്തുന്നതിന് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി കൂട്ടായ്മ ആവശ്യപ്പെട്ടു. നാട്ടിലെത്താനായി ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും ദ്രുതഗതിയിൽ നാട്ടിലെത്തിക്കുന്നതിനു വിമാന സർവീസുകൾ വർധിപ്പിക്കണം, വിസ കാലാവധി തീർന്നവർ , ഗർഭിണികൾ , രോഗികൾ , പ്രായം ചെന്നവർ തുടങ്ങിയ മുൻഗണനാ ക്രമം കൃത്യമായി പാലിക്കണം, സ്വാധീനമുപയോഗിച്ചു പലരും ലിസ്റ്റിൽ കയറിപ്പറ്റുന്നതായി ആരോപണം നില നില്ക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കണം. ചാർട്ടേർഡ് വിമാനടിക്കറ്റുകളുടെ നിരക്ക് ഏകീകരിക്കണം. വിദേശരാജ്യങ്ങളിൽ രോഗബാധിതരാവുന്ന പ്രവാസികൾക്ക് ഫലപ്രദമായ ചികിത്സ ലഭിക്കുന്നതിന് എംബസി ഇടപെടണം. പ്രവാസികൾക്ക് നേരെയുള്ള കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി കൂട്ടായ്മ രക്ഷാധികാരി ബാദുഷ കടലുണ്ടി, ചെയർമാൻ സലിം മണാട്ട്, ജനറൽ കൺവീനർ സി. വി ഇഖ്ബാൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published.