ബ്രിജ് ഭൂഷണ് കുലുക്കമില്ല; ഈ മാസം 11ന് ബിജെപി റാലിയിൽ പങ്കെടുക്കും
ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗ് ഈ മാസം 11ന് ബിജെപി സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുക്കും. യുപിയിൽ തൻ്റെ മണ്ഡലമായ കൈസർഗഞ്ജിൽ ജൂൺ 11നാണ് റാലി. 2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ മഹാസമ്പർക്ക് അഭിയാനാണ് റാലി സംഘടിപ്പിക്കുന്നത്. ജൂൺ അഞ്ചിന് അയോധ്യയിൽ ബ്രിജ് ഭൂഷൺ തീരുമാനിച്ചിരുന്ന റാലി മാറ്റിവച്ചിരുന്നു.
ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങിനെക്കുറിച്ച് 2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരാതിപ്പെട്ടതായി വനിതാ ഗുസ്തി താരം പറഞ്ഞിരുന്നു. ഏപ്രിൽ 28ന് ഫയൽ ചെയ്യപ്പെട്ട എഫ്‌ഐആറിലാണ് വനിതാ ഗുസ്തിതാരം നരേന്ദ്രമോദിയെ 2021ൽ സമീപിച്ചതായുള്ള പരാമർശമുള്ളത്. ബ്രിജ് ഭൂഷൻ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും ഇത് തനിക്ക് വലിയ മാനസികാഘാതമുണ്ടാക്കിയെന്നും 2021ൽ താൻ പ്രധാനമന്ത്രിയോട് പറഞ്ഞെന്നാണ് വനിതാ ഗുസ്തി താരം പറയുന്നത്.
പരാതി കായിക മന്ത്രാലയം വിശദമായി പരിശോധിക്കുമെന്നും അതിന് ശേഷം മന്ത്രാലയത്തിൽ നിന്ന് ബന്ധപ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകിയെന്ന് യുവതി പറഞ്ഞതായും എഫ്‌ഐആറിലുണ്ട്. താൻ പ്രധാനമന്ത്രിയെ സമീപിച്ച വിവരം ബ്രിജ് ഭൂഷൻ അറിഞ്ഞെന്നും അതിന് ശേഷം തനിക്ക് മുൻപ് ലഭിച്ചിരുന്ന കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കപ്പെട്ടുവെന്നും ഗുസ്തി താരം പറഞ്ഞതായുള്ള വിവരങ്ങളും എഫ്‌ഐആറിലുണ്ട്.
എഫ്‌ഐആർ വിശദാംശങ്ങൾ പുറത്തെത്തിയതോടെ ബിജെപിക്കും പ്രധാനമന്ത്രിയ്ക്കുമെതിരായ പ്രതിപക്ഷ പാർട്ടികളുടെ വിമർശനവും കടുക്കുകയാണ്. ബ്രിജ് ഭൂഷണെ കുറിച്ച് ഗുസ്തി താരം മുൻപ് തന്നെ പരാതിപ്പെട്ടിട്ടും ഇടപെടാമെന്ന് ഉറപ്പ് നൽകിട്ടും പ്രധാനമന്ത്രി അവർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മൊഹുവ മൊയ്ത്ര കുറ്റപ്പെടുത്തി. 2021ൽ പ്രധാനമന്ത്രിയെ സമീപിച്ചു എന്ന് യുവതി പറയുന്ന എഫ്‌ഐആറിലെ ഭാഗം കൂടി ഉൾപ്പെടുത്തിയ ഒരു ട്വീറ്റ് പങ്കുവച്ചായിരുന്നു മൊഹുവയുടെ വിമർശനങ്ങൾ. അതേസമയം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നത് ഒഴികെയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയാറല്ലെന്ന് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ അറിയിച്ചു. ഈ മാസം 9ന് മുൻപ് അറസ്റ്റുണ്ടായില്ലെങ്കിൽ ജന്തർ മന്ദിറിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് ഖാപ് പഞ്ചായത്തും വ്യക്തമായി.