Saturday, October 19, 2024
National

ഒഡീഷ ട്രെയിൻ ദുരന്തം; പരുക്കേറ്റവരുമായി പോയ ബസ് ​ബം​ഗാളിൽ അപകടത്തിൽപ്പെട്ടു

ഒഡീഷയിലെ ബലസോറിൽ നിന്ന് ട്രെയിൻ അപകടത്തിൽ പരുക്കേറ്റ യാത്രക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു. അപകടത്തെ തുടർന്ന് ബസിലുണ്ടായിരുന്ന നിരവധി പേർക്ക് വീണ്ടും പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. പരിക്കേറ്റവരെ രക്ഷപ്പെടുത്തി മറ്റ് വാഹനങ്ങളിൽ പശ്ചിമബംഗാളിലെ വിവിധ ആശുപത്രികളിലേക്ക് അയക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ബസിന്റെ മുൻഭാ​ഗം തകർന്നു.

ശനിയാഴ്ച ബംഗാളിലെ മെദിനിപൂരിലാണ് അപകടമുണ്ടായ്. അപകടത്തിൽ പരുക്കേറ്റ യാത്രക്കാരുമായി പോയ ബസ് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മേദിനിപൂർ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.

വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് ഒഡീഷയിലെ ബലസോറിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. യശ്വന്ത്പൂരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് (12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് (12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്.

യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ട്രെയിൻ അതേ പാളത്തിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചു. തുടർന്ന് പാളം തെറ്റിയ ഈ ട്രെയിനിന്റെ കോച്ചുകളിലേക്ക് തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമാണ്ഡൽ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഇതുവരെ 288പേരുടെ മരണം സ്ഥിരീകരിച്ചു. 1000ലേറെ പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടേയും നില ഗുരുതരമാണെന്നും ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു.

Leave a Reply

Your email address will not be published.