പ്രശസ്‌ത കന്നഡ നടൻ നിതിൻ ഗോപി അന്തരിച്ചു
കന്നഡ താരം നിതിൻ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ബെംഗളൂരുവിലെ ഇട്ടമഡുവിലുള്ള വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കന്നഡ സിനിമ ടിവി രംഗത്ത് സജീവ സാന്നിധ്യമായിരുന്നു നിതിൻ ഗോപി. ഹലോ ഡാഡി എന്ന സിനിമയിൽ ഡോ. വിഷ്ണുവർദ്ധനൊപ്പം പുല്ലാങ്കുഴൽ വാദകനായി എത്തിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരള കേസരി, മുത്തിനന്ത ഹെന്ദാടി, നിശബ്ദ, ചിരബന്ധവ്യ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ശ്രുതി നായിഡു നിർമ്മിച്ച ജനപ്രിയ സീരിയൽ പുനർ വിവാഹയിലും നിതിൻ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. കന്നഡ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രിയ സീരിയലായിരുന്നു ഇത്. ഹരഹര മഹാദേവ് എന്ന ഭക്തി സീരിയലിന്‍റെ ഏതാനും എപ്പിസോഡുകളിൽ അദ്ദേഹം അതിഥി വേഷങ്ങൾ ചെയ്യുകയും നിരവധി തമിഴ് സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ നിതിന്‍ ഒരു പുതിയ സീരിയൽ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു, അതിനിടയിലാണ് അപ്രതീക്ഷിത മരണം.