ആംബുലൻസിന് പണമില്ല, മകന്റെ മൃതദേഹവുമായി 200KM ബസിൽ യാത്ര ചെയ്ത് പിതാവ്
ആംബുലൻസിന് യാത്രാക്കൂലി നൽകാൻ പണമില്ലാത്തതിനെ തുടർന്ന് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റർ ബസിൽ യാത്ര ചെയ്ത് ഒരു പിതാവ്. പശ്ചിമ ബംഗാളിലെ നോർത്ത് ദിനാജ്പൂർ ജില്ലയിലെ ഡാംഗിപാറ ഗ്രാമവാസിയായ ആഷിം ദേബ്ശർമ്മയ്ക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. മൃതദേഹം സിലിഗുരിയിൽ നിന്ന് കലിയഗഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ 8000 രൂപ ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നു.
സിലിഗുരിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അഞ്ച് മാസം പ്രായമുള്ള മകൻ മരിച്ചത്. ആറ് ദിവസത്തെ ചികിത്സയ്‌ക്കൊടുവിലായിരുന്നു മരണം. ചികിത്സയ്ക്കായി 16,000 രൂപ ചെലവഴിച്ചു. മകൻ്റെ മൃതദേഹം കാളിയഗഞ്ചിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലൻസ് ഡ്രൈവർ 8,000 രൂപ ആവശ്യപ്പെട്ടു. സൗജന്യ സേവനം നല്‍കേണ്ട സര്‍ക്കാര്‍ ആംബുലന്‍സ് സേവന ദാതാവാണ് പണം ആവശ്യപ്പെട്ടത്.
പണം നൽകാൻ മാർഗമില്ലാതെ, നിസ്സഹായനായ പിതാവ് മകന്റെ മൃതദേഹം ഒരു ബാഗിൽ പൊതിഞ്ഞ് കാളിഗഞ്ചിലേക്കുള്ള ബസിൽ കയറി. സഹയാത്രികർ അറിഞ്ഞാൽ പ്രശ്നമാകുമെന്ന ഭയത്തിൽ ആരെയും അറിയിക്കാതെയായിരുന്നു യാത്ര. ശനിയാഴ്ച രാത്രി സിലിഗുരിയിലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച യാത്ര ഞായറാഴ്ച ഉച്ചതിരിഞ്ഞ് കാളിഗഞ്ചിലാണ് അവസാനിച്ചത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി.