Thursday, January 9, 2025
National

മകന്റെ മൃതദേഹം തോളിലേറ്റി അച്ഛൻ; സഹായിക്കാൻ ഓടിയെത്തി സൈനികർ

ആശുപത്രിയിൽ നിന്ന് ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് കനത്ത മഴയ്ക്കിടയിലും മകൻ്റെ മൃതദേഹവുമായി ഒരച്ഛൻ നടന്നത് കിലോമീറ്ററോളം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലാണ് ഹൃദയഭേദകമായ സംഭവം. നിസ്സഹായനായ പിതാവ് മകന്റെ മൃതദേഹം തോളിൽ ചുമക്കുന്ന വീഡിയോ വൈറലായിരുന്നു.

വൈദ്യുതാഘാതമേറ്റ് മരിച്ച മകൻ്റെ മൃതദേഹം വീട്ടിൽ എത്തിക്കാൻ സ്വരൂപാണി നെഹ്‌റു ആശുപത്രി അധികൃതർ ആംബുലൻസ് നൽകിയിരുന്നില്ല. ആംബുലൻസ് ഡ്രൈവർമാരെ ബന്ധപ്പെട്ടപ്പോൾ പണം ആവശ്യപ്പെട്ടെന്നും പണമില്ലാത്തതിനാൽ മൃതദേഹം തോളിലേറ്റി വീട്ടിലേക്ക് പോയെന്നും പിതാവ് പറഞ്ഞു. യമുന പാലത്തിന് സമീപം സൈനിക ഉദ്യോഗസ്ഥർ തന്നെ കണ്ട് വാഹനം നിർത്തി. സംഭവം കേട്ടശേഷം അവരുടെ വണ്ടിയിൽ മൃതദേഹം കർച്ചനയിൽ എത്തിച്ചതായും പിതാവ് കൂട്ടിച്ചേർത്തു.

വീഡിയോ പുറത്തുവന്നതോടെ കമ്മീഷണർ സിഎംഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും പ്രയാഗ്രാജ് ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് പറഞ്ഞു. ഈ കുടുംബത്തിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അതിന് ഭരണസംവിധാനം തയ്യാറാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *