കൊച്ചിയിൽ 12,000 കോടിയുടെ മയക്കുമരുന്ന് വേട്ട; പാകിസ്താൻ സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നാവികസേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ കൊച്ചിയിൽ പിടികൂടിയത് 12000 കോടി രൂപയുടെ മയക്കുമരുന്ന്. ക്രിസ്റ്റൽ മെത്ത് എന്നും അറിയപ്പെടുന്ന ഹൈ പ്യൂരിറ്റി മെത്താംഫെറ്റാമൈൻ എന്ന മയക്കുമരുന്നാണ് പിടികൂടിയത്.
കേസിൽ കസ്റ്റഡിയിലായ പാക്കിസ്താൻ സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. അതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നും വീണ്ടും കസ്റ്റഡി അനുവദിക്കണമെന്നും അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടേക്കും. മയക്കുമരുന്ന് കടത്തിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 134 പ്ലാസ്റ്റിക് പായ്ക്കറ്റുകളിലായിരുന്നു മയക്കുമരുന്ന് കപ്പലിൽ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പാക്കറ്റുകളിൽ ചിലതിൽ പാകിസ്താൻ നിർമിത മുദ്രകളുണ്ടെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിംഗ് പറഞ്ഞു. ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.