തൃശൂരിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് ആറ് വർഷം കഠിനതടവും 15000 രൂപ പിഴയും
തൃശൂർ കുന്നംകുളത്ത് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും 15000 രൂപ പിഴയും ശിക്ഷ. കോട്ടപ്പുറം മുട്ടിക്കൽ സ്വദേശി 54 വയസ്സുള്ള ശങ്കരനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പൊക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്.
2017 നവംബറിൽ ആണ് കേസിനാസ്പദമായ സംഭവം. വടക്കാഞ്ചേരി കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിൽ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ ശങ്കരൻ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടി പ്രതികരിച്ചതോടെ അമ്മയും മറ്റ് യാത്രക്കാരും ഇയാളെ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചു. എരുമപ്പെട്ടി പൊലീസാണ് തുടർന്ന് കേസ് രജിസ്റ്റർ ചെയ്തത്. വിചാരണഘട്ടത്തിൽ പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
കേസ്സിൽ പ്രോസിക്യൂഷനുവേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഡ്വ: അമൃതയും, അഡ്വ: സഫ്നയും ഹാജരായി. എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന സി. ആർ. സന്തോഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ മധുവും പ്രവർത്തിച്ചിരുന്നു.