കൊല്ലത്ത് സ്പിരിറ്റ് വേട്ട: പിടികൂടിയത് 211 ലിറ്റർ സ്പിരിറ്റ്
കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് 211 ലിറ്റർ സ്പിരിറ്റ് പിടികൂടി. കള്ളുഷാപ്പിലേക്ക് കടത്തിക്കൊണ്ടുവന്ന സ്പിരിറ്റിന്റെ ഉറവിടം അന്വേഷിച്ച് പോയപ്പോഴാണ് സ്പിരിറ്റിന്റെ വൻ ശേഖരം കണ്ടെത്തിയത്. എൻഫോഴ്സ്മെന്റ് സ്ക്വാഡും കൊല്ലം ഐബി യൂണിറ്റും കരുനാഗപ്പള്ളി എക്സൈസും സംയുക്തമായാണ് പരിശോധന നടത്തിയത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ മേധാവി ടി.അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡും കൊല്ലം ഐബി യൂണിറ്റും കരുനാഗപള്ളി എക്സൈസ് സർക്കിളിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. കരുനാഗപ്പള്ളി വള്ളിക്കാവിൽ വളവുമുക്കിന് സമീപമുള്ള കള്ളുഷാപ്പിലേക്ക് കടത്തികൊണ്ടു വന്ന ഒരു ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
പിടിയിലായവരെ ചോദ്യം ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് 7 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 210 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. പ്രതികളായ രാജുവിനെയും ഷാപ്പിലെ ജീവനക്കാരൻ ബേബി, ലൈസൻസി കിഷോർ, സ്പിരിട്ട് സൂക്ഷിച്ചിരുന്ന വീട്ടിലെ താമസക്കാരൻ സതീഷ് ബാബു എന്നിവരെ അറസ്റ്റ് ചെയ്തു. റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പ്രശാന്ത്, ഐ ബി ഇൻസ്പെക്ടർ ജലാലുദീൻ കുഞ്ഞ്, കമ്മീഷണർ സ്ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഡി. എസ്. മനോജ്‌കുമാർ, ഐ ബി പ്രിവന്റീവ് ഓഫീസർമാരായ R. മനു, ബിജുമോൻ, അജയകുമാർ, അനിൽ കുമാർ . എസ്, Y സജികുമാർ തുടങ്ങിയവർ പങ്കെടുത്തു.