15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് ഏഴു വർഷം കഠിന തടവും പിഴയും
15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഏഴു വർഷം കഠിന തടവും 75,000 രൂപ പിഴയും. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി. ഇത്തിത്താനം സ്വദേശി ജോബി ജോസഫ് ആണ് കേസിലെ പ്രതി.
അതിജീവിതയുടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് ചൂഷണം ചെയ്താണ് പ്രതി ജോബി പെൺകുട്ടിയുടെ വീടുമായി ബന്ധം സ്ഥാപിച്ചത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി എത്തിയ പ്രതി പതിനഞ്ചു വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരിയാക്കുകയായിരുന്നു. ചാങ്ങനാശരി ഇത്തിതാനം സ്വദേശിയായ ജോബിക്ക് ഏഴു വർഷം കഠിന തടവിനും 75000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക അതിജീവിതയുടെ കുടുംബത്തിന് നൽകണം. തുക കെട്ടി വെയ്ക്കാത്ത പക്ഷം ഒന്നര വർഷം അധിക തടവ് കൂടി പ്രതി അനുഭവിക്കേണ്ടി വരും.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പിഎസ് മനോജ് ഹാജരായി. 34 സാക്ഷികളും 53 പ്രമാണങ്ങളും പത്ത് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പള്ളിക്കത്തോട് എസ്എച്ച്ഓ പ്രദീപ് എസിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം നടന്നത്.