Wednesday, April 16, 2025
World

ഒരു മില്ല്യൺ ഫോളോവേഴ്സിൽ അധികമുള്ള ഹാൻഡിലുകൾക്ക് ബ്ലൂ ടിക്ക് തിരികെനൽകി ട്വിറ്റർ

ഹാൻഡിലിൽ ഒരു മില്ല്യൺ ഫോളോവേഴ്സിൽ അധികമുള്ള ഹാൻഡിലുകൾക്ക് ബ്ലൂ ടിക്ക് തിരികെനൽകി ട്വിറ്റർ. പണം നൽകാത്ത എല്ലാവരുടെയും ബ്ലൂ ടിക്ക് നീക്കിയതിനു പിന്നാലെയാണ് ട്വിറ്ററിൻ്റെ നയമാറ്റം. ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ, ക്രിക്കറ്റർ വിരാട് കോലി തുടങ്ങിയ താരങ്ങൾക്ക് പണം മുടക്കില്ലാതെ ബ്ലൂ ടിക്ക് തിരികെലഭിച്ചു.

ഷാരൂഖ് ഖാൻ, ആലിയ ഭട്ട്, വിരാട് കോലി, സൽമാൻ ഖാൻ, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, ഋതിക് റോഷൻ തുടങ്ങിയ താരങ്ങൾക്ക് ബ്ലൂ ടിക്ക് തിരികെനൽകി. അതേസമയം, താൻ പണം നൽകി ബ്ലൂ ടിക്ക് വാങ്ങിയെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ വെളിപ്പെടുത്തി. മലയാള താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും മുഖ്യമന്ത്രി പിണറായി വിജയൻ്റെയുമൊക്കെ ട്വിറ്റർ ഹാൻഡിലുകളിൽ ബ്ലൂ ടിക്ക് തിരികെവന്നിട്ടുണ്ട്. ഇവരൊക്കെ പണം നൽകിയോ എന്ന് വ്യക്തമല്ല. ഇവർക്കെല്ലാം ഒരു മില്ല്യൺ ഫോളോവേഴ്സിൽ അധികമുണ്ട്. അതുകൊണ്ട് തന്നെ പണം നൽകാതെയാവും ബ്ലൂ ടിക്കുകൾ തിരികെലഭിച്ചത് എന്നാണ് വിവരം.

ഏപ്രിൽ 20നാണ് ട്വിറ്റർ പരമ്പരാഗത ബ്ലൂ ടിക്കുകൾ പൂർണമായി ഒഴിവാക്കിയത്. ബ്ലൂ ടിക്ക് നേടുന്നതിനായി ഓരോ പ്രദേശത്തുള്ളവരും മുടക്കേണ്ടി വരുന്ന തുകയിൽ വ്യത്യാസമുണ്ടാകും. അമേരിക്കയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾ മാസം 11 ഡോളർ അഥവാ 900 ഇന്ത്യൻ രൂപയാണ് ബ്ലൂ ടിക്കിനായി മുടക്കേണ്ടി വരിക. ട്വിറ്റർ ബ്ലൂ സ്വന്തമാക്കിയാൽ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും ഒപ്പം 1080 പിക്‌സൽ വിഡിയോകൾ അപ്ലോഡ് ചെയ്യാനും കഴിയും. നീല ടിക്ക് മാർക്ക് പ്രൊഫൈൽ പേരിനൊപ്പം ഉണ്ടാവും.

ഇലോൺ മസ്‌ക് തലപ്പത്ത് വന്നതിൽ പിന്നെ വ്യാപക അഴിച്ചുപണിയാണ് ട്വിറ്റർ ആസ്ഥാനത്ത് നടക്കുന്നത്. നേതൃനിരയിൽ നിന്ന നിരവധി പേരെ പിരിച്ചുവിട്ടു. ഇക്കൂട്ടത്തിൽ ട്വിറ്ററിന്റെ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ അഗർവാളും ലീഗൽ എക്സിക്യൂട്ടിവ് വിജയ് ഗദ്ദെയും ഉൾപ്പെടും. ഇന്ത്യയിൽ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്.

ട്വിറ്ററിൽ വർക്ക് ഫ്രം ഹോം നിർത്തലാക്കിയിരുന്നു. ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു എന്നാണ് മസ്‌ക് ട്വിറ്റർ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ പറഞ്ഞത്. ജീവനക്കാർ കഠിനാധ്വാനം ചെയ്യണം. ഉടൻ കൂടുതൽ പണം സമാഹരിച്ചില്ലെങ്കിൽ കമ്പനി പാപ്പരാവുമെന്നും അദ്ദേഹം പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *