പാലക്കാട് നിരോധിത ലഹരിമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവും പിടികൂടി
നിരോധിത ലഹരിമരുന്ന് വേട്ട. ത്രിക്കടേരി എണ്ണകണ്ടം ഭാഗത്ത് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. ഷമീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. പ്രദേശിക വിൽപ്പനക്കായി എത്തിച്ച ലഹരിമരുന്നാണെന്ന് എക്‌സൈസിന്റെ നിഗമനം. 22.5 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് വാഴൂർ സ്വദേശി അബ്ദുൾ മെഹറൂഫ്, ആറ്റാശേരി സ്വദേശികളായ ഷെമീർ അലി, ഷാഹുൽ ഹമീദ്, മുഹമ്മദ് ജംഷീർ, മുഹമ്മദ് ഷെമീർ എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
പിടിയിലായവരിൽ പ്രധാന പ്രതി അബ്ദുൾ മെഹറൂഫ് എറണാകുളത്ത് ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്യുന്ന വ്യക്തിയാണ്. ആവശ്യക്കാരെ കണ്ടെത്തി ലഹരി വിൽപ്പന നടത്തുകായാണ് പ്രതി ചെയ്യുക. കഴിഞ്ഞ ഏതാനും നാളുകളായി പ്രതി എക്‌സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.
ലഹരി വിറ്റതിൽ നിന്നും ലഭിച്ച 21500 രൂപയും എംഡിഎംഎ തൂക്കി വിൽക്കുന്നതിനുളള ത്രാസ്, സിപ് കവറുകൾ എന്നിവയും പ്രതികളിൽ നിന്നും കണ്ടെടുത്തു. ലഹരി വിൽപ്പനക്ക് ഉപയോഗിച്ച മാരുതി ബലെനോ കാർ ഉൾപ്പെടെ നാല് വാഹനങ്ങളും എക്‌സൈസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.