പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ തട്ടിപ്പ് : സിബിഐക്ക് തിരിച്ചടി
പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സിബിഐക്ക് തിരിച്ചടി. മെഹുൽ ചോക്‌സിയെ ആന്റിഗ്വയിൽ നിന്നും മാറ്റുന്നത് കോടതി തടഞ്ഞു. ആന്റിഗ്വ ഹൈക്കോടതിയിൽ നിന്നാണ് മെഹുൽ ചോക്‌സിക്ക് അനുകൂല വിധി ലഭിച്ചത്.
2021 മെയ് മാസത്തിൽ ആന്റിഗ്വയിലായിരുന്ന ചോക്‌സിയെ ഡോമിനികയിലേക്ക് തട്ടിക്കൊണ്ട് പോയി എന്ന കേസിലാണ് അനുകൂല വിധി. കോടതിയുടെ അനുമതി ഇല്ലാതെ മെഹുൾ ചോക്‌സിയെ ആന്റിഗ്വയിൽ നിന്നും മാറ്റരുത് എന്നാണ് ഉത്തരവ്. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട ആറു കേസുകൾ സിബിഐ ചോക്‌സിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധമാണെന്ന് സിബിഐ പറഞ്ഞു. വിദേശ ഏജൻസികളുമായി ചേർന്ന് നിയമപരമായി ചോക്‌സിയെ തിരികെ എത്തിക്കുമെന്നും സിബിഐ പറഞ്ഞു. കഴിഞ്ഞ 15 മാസത്തിനിടെ 30 പ്രതികളെ വിദേശത്തുനിന്നും തിരികെ എത്തിച്ചതായും സിബിഐ വ്യക്തമാക്കി.