പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മാനേജർ എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. റിജിൽ രാജ്യം വിടുന്നത് തടയാൻ ക്രൈംബ്രാഞ്ച് തെരച്ചിൽ നോട്ടീസ് പുറത്തിറക്കി. തട്ടിയെടുത്ത തുകയിൽ 10 കോടി രൂപ റിജിൽ ഓഹരി വിപണിയിലാണ് ചെലവാക്കിയത്.
റിജിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. അക്കൗണ്ട് മരവിപ്പിക്കുന്നതിനു തൊട്ടു മുൻപ് റിജിൽ 5 ലക്ഷം രൂപ പിൻവലിച്ചുവെന്നു കണ്ടെത്തിയതോടെയാണു രാജ്യം വിടുന്നത് തടയാൻ നോട്ടീസ് പുറപ്പെടുവിച്ചത്. റിജിലുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു കഴിഞ്ഞു. റിജിൽ തട്ടിയെടുത്ത 12.68 കോടി രൂപയിൽ 10 കോടി രൂപ ഓഹരി വിപണിയിലാണു ചെലവാക്കിയത്. ഓൺലൈൻ റമ്മി, വായ്പ തിരിച്ചടവ്, വ്യക്തിഗത പണമിടപാട് എന്നിവയ്ക്കായി ബാക്കി തുക ഉപയോഗിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ആദ്യഘട്ടത്തിൽ സ്വന്തം ശമ്പളവും വായ്പയും ഉപയോഗിച്ച് ഓഹരി വിപണിയിൽ ഇടപെട്ടു തുടങ്ങിയ റിജിൽ 2021 മുതൽ കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്ന് പണം തിരിമറി നടത്തി. കഴിഞ്ഞ ജൂണിൽ ലിങ്ക് റോഡ് ശാഖയിൽ നിന്ന് എരഞ്ഞിപ്പാലത്തേക്ക് ട്രാൻസ്ഫറായ റിജിൽ അവിടെ തട്ടിപ്പ് നടത്തിയിട്ടില്ല. നഷ്ടമായ പണം പലിശ സഹിതം തിരിച്ചു തരുമെന്ന് ബാങ്ക് ഉറപ്പ് നൽകിയതോടെ സിപിഐഎം സമരം പിൻവലിച്ചിട്ടുണ്ട്. ബാങ്ക് തട്ടിപ്പിൽ പ്രതിഷേധിച്ച് ബിജെപി കോർപ്പറേഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ല അധ്യക്ഷൻ വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു.