സിബിഐക്ക് തിരിച്ചടി; മെഹുൽ ചോക്സിക്കെതിരായ റെഡ് കോർണർ നോട്ടിസ് പിൻവലിച്ച് ഇന്റർപോൾ
വായ്പ തട്ടിപ്പ് കേസിൽ സിബിഐക്ക് തിരിച്ചടി. ഇന്റർപോൾ റെഡ് കോർണർ നോട്ടീസിൽ നിന്നും മെഹുൾ ചോക്സിയെ നീക്കി. ആന്റിഗ്വയിൽ നിന്നും തട്ടിക്കൊണ്ടു പോകാൻ നടത്തിയ ശ്രമമാണ് ചോക്സിക്ക് അനുകൂലമായ തീരുമാനത്തിന് കാരണമെന്ന് അഭിഭാഷകൻ വിജയ് അഗർവാൾ പ്രതികരിച്ചു. ചോക്സിക്കെതിരായ കേസിനെ നടപടി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ജോബ് നാഷണൽ ബാങ്കിൽ നിന്നും 13,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട മെഹുൽ ചോക്സിക്കെതിരെ സിബിഐയുടെ നിർദേശം അനുസരിച്ച്, 2018 ലാണ് ഇന്റർപൂൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഈ നോട്ടീസ് ആണ് ഇന്റർ പോൾ പിൻവലിച്ചത്.
സിബിഐയുടെ നീക്കങ്ങൾ രാഷ്രീയ പ്രേരിതമെന്നതടക്കം ചൂണ്ടികാണിച്ചു ചോക്സി നൽകിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഇന്റർപോളിന്റെ നടപടി. ഇതോടെ ഇന്ത്യയൊഴികെ മറ്റെല്ലാ രാജ്യത്തേക്കും സഞ്ചരിക്കാൻ മേഹുൽ ചോക്സിക്ക് കഴിയും. മെഹുൽ ചോക്സിയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുന്നത് നേരത്തെ കോടതി തടഞ്ഞിരുന്നു.
എന്നാൽ മെഹുൽ ചോക്സിക്കെതിരായ റെഡ് കോർണർ നോട്ടീസ് റദ്ദാക്കിയത് കേസിനെ ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനു ആവശ്യമായ ഉടമ്പടി നിലവിലുണ്ടെന്നും, ചോക്സി അറസ്റ്റിലാകുന്ന നിമിഷം, നടപടിക്രമങ്ങൾ പാലിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ സിബിഐ തയ്യാറായിട്ടില്ല.