ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ്: വീഡിയോകോൺ ചെയർമാൻ വേണുഗോപാൽ ധൂതിന് ജാമ്യം
ഐസിഐസിഐ-വീഡിയോകോൺ വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂതിന് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പി.കെ ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. 2022 ഡിസംബർ 26ന് സിബിഐ അറസ്റ്റ് ചെയ്ത ധൂത് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ അന്വേഷണവുമായി സഹകരിക്കുന്നതിനാൽ വ്യവസായിയെ അറസ്റ്റ് ചെയ്തത് അനാവശ്യമാണെന്ന് വീഡിയോകോൺ ഗ്രൂപ്പ് പ്രൊമോട്ടർ വേണുഗോപാൽ ധൂതിന്റെ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയിൽ വാദിച്ചു. മറുവശത്ത് അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് ധൂത് ശ്രമിക്കുന്നതെന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അവകാശപ്പെട്ടിരുന്നു.
2022 ഡിസംബർ 26ന് സിബിഐ അറസ്റ്റ് ചെയ്ത ധൂത് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജനുവരി അഞ്ചിന് സിബിഐ പ്രത്യേക കോടതി തന്റെ ഹർജി തള്ളിയതിനെ തുടർന്നാണ് ധൂത് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും അതിനാൽ ഇടക്കാല മോചനം വേണമെന്നും ധൂത് ആവശ്യപ്പെട്ടിരുന്നു. ചന്ദ കൊച്ചാർ ഐസിഐസിഐ ബാങ്കിന്റെ തലപ്പത്തിരിക്കുമ്പോൾ വീഡിയോകോൺ ഗ്രൂപ്പിന് വായ്പ നൽകിയെന്നാണ് ആരോപണം.
പകരമായി ചന്ദയുടെ ഭർത്താവ് ദീപക് കൊച്ചാറിന്റെ ന്യൂ റിന്യൂവബിൾ എന്ന കമ്പനിക്ക് വീഡിയോകോണിൽ നിന്ന് നിക്ഷേപം ലഭിച്ചു. വേണുഗോപാൽ ദൂത് പ്രമോട്ട് ചെയ്യുന്ന വീഡിയോകോൺ ഗ്രൂപ്പ് കമ്പനികൾക്ക് ഐസിഐസിഐ ബാങ്ക് 3,250 കോടി രൂപയുടെ വായ്പാ സൗകര്യം അനുവദിച്ചത് ബാങ്കിംഗ് റെഗുലേഷൻ ആക്ടും ആർബിഐ മാർഗനിർദ്ദേശങ്ങളും ബാങ്കിന്റെ വായ്പാ ചട്ടങ്ങളും ലംഘിച്ചുവെന്നും അന്വേഷണ ഏജൻസി ആരോപിക്കുന്നു.