Thursday, January 9, 2025
Kerala

അരിക്കൊമ്പന്‍ വിഷയം: ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രിംകോടതിയിലേക്ക്

അരിക്കൊമ്പന്‍ കാട്ടാനയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കാന്‍ കേരളം. പറമ്പിക്കുളത്തേക്ക് ഉടന്‍ കാട്ടാനയെ മാറ്റണമെന്ന ഹൈക്കോടതി നിര്‍ദേശം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കേരളം കൈമാറി.

അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പറമ്പിക്കുളത്തും പ്രതിഷേധമുയരുന്ന പശ്ചാത്തലത്തില്‍ ആനയെ മാറ്റാനുള്ള സ്ഥലം കണ്ടെത്തുന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്ന തരത്തിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഇതിനെയാണ് കേരളം സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാനിരിക്കുന്നത്. പറമ്പിക്കുളം മാത്രമല്ല കേരളത്തില്‍ ഏത് സ്ഥലത്തേക്ക് ആനയെ മാറ്റിയാലും അതിനെതിരെ പ്രതിഷേധം ഉയരും. ജനങ്ങളുടെ ആശങ്കകള്‍ കൃത്യമായി പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാട് അനുചിതമാണെന്നാകും കേരളം സുപ്രിംകോടതിയില്‍ ഉയര്‍ത്തുന്ന വാദം.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയത്. അരിക്കൊമ്പനെ കൂട്ടിലടയ്ക്കനാകില്ലെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ആനയെ മാറ്റണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പറമ്പിക്കുളം സംബന്ധിച്ച് എതിര്‍പ്പ് ഉണ്ടെങ്കില്‍ സര്‍ക്കാരിനെ അറിയിക്കൂവെന്നും കോടതി പറഞ്ഞു. ആനയെ മാറ്റേണ്ടത് അനിവാര്യമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

ആനയെ മാറ്റാന്‍ അനിവാര്യമായ മറ്റൊരു സ്ഥലം കണ്ടെത്തിയിട്ടില്ലെന്നാണ് കോടതി അറിയിച്ചിരുന്നത്. മറ്റൊരിടത്തേക്ക് മാറ്റണമെന്നാണെങ്കില്‍ അത്തരമൊരു സ്ഥലം നിര്‍ദേശിക്കണമെന്നും സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. സര്‍ക്കാര്‍ മറ്റൊരു സ്ഥലം നിര്‍ദേശമായി മുന്നോട്ടുവച്ചാല്‍ കോടതി അത് പരിഗണിക്കാം. പറമ്പിക്കുളക്കേത്ത് ആനയെ മാറ്റണമെന്നത് കോടതിയുടെ തീരുമാനമല്ല. വിദഗ്ധ സമിതിയാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. അരിക്കൊമ്പന് വസിക്കാന്‍ അനുയോജ്യമായ ആവാസവ്യവസ്ഥയുള്ള സ്ഥലമാണ് പറമ്പിക്കുളമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *