ബിജെപിക്കെതിരെ എല്ലാ മണ്ഡലങ്ങളിലും ഒരൊറ്റ സ്ഥാനാര്‍ത്ഥിയെന്ന ഫോര്‍മുലയുമായി നിതീഷ്; പ്രതിപക്ഷ ഐക്യത്തിന് നീക്കങ്ങള്‍
2024 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക കൂടിക്കാഴ്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവര്‍, ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞദിവസം ശരത് പവാര്‍ എസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രം എന്നും മമതാ ബാനര്‍ജി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവരെ ഒപ്പം നിര്‍ത്താനാണ് ശ്രമമെന്നും ശരത് പവാര്‍ പറഞ്ഞു. ദേശീയതലത്തില്‍ ബിജെപിക്ക് എതിരെ എല്ലാ ലോക്‌സഭാ മണ്ഡലത്തിലും ഒരൊറ്റ സംയുക്ത സ്ഥാനാര്‍ത്ഥി എന്ന ഫോര്‍മുലയാണ് നിതീഷ് കുമാര്‍ മുന്നോട്ടുവയ്ക്കുന്നത്. എങ്കില്‍ മാത്രമേ ബിജെപിയെ ഫലപ്രദമായി നേരിടാന്‍ കഴിയുവെന്നും കഴിഞ്ഞദിവസം നിതീഷ് കുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും നിതീഷ് കുമാര്‍ ഇന്ന് ചര്‍ച്ച നടത്തും.
രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനും അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്താനും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഭരണഘടനാ സ്ഥാപനങ്ങള്‍ സംരക്ഷിക്കാനും ഞങ്ങളെല്ലാം ഒരുമിച്ച് പൊരുതാന്‍ തയ്യാറാണെന്ന് കൂടിക്കാഴ്ചയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. എല്ലാ കക്ഷികളുമായും ഞങ്ങള്‍ ചര്‍ച്ച നടത്തും. പവാറും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചതെന്ന് ഖാര്‍ഗെ പറഞ്ഞു.