താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്: രണ്ടു പേർ അറസ്റ്റിൽ
താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരപ്പൻ പോയിൽ സ്വദേശി നിസാർ, പൂനൂർ നേരോത്ത് സ്വദേശി അജ്നാസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഷാഫിയുടെ വീട്ടിൽ നേരത്തെ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
വെള്ളിയാഴ്ചയാണ് താമരശേരി പരപ്പൻപൊയിലിലെ വീട്ടിൽ നിന്ന് ഷാഫിയെയും ഭാര്യ സനിയയെയും നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. എന്നാൽ കുറച്ചു ദൂരം പിന്നിട്ട ശേഷം സനിയയെ വഴിയിൽ ഇറക്കി വിട്ട് സംഘം ഷാഫിയെയും കൊണ്ട് രക്ഷപെട്ടു.
ഷാഫിയെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. തട്ടിക്കൊണ്ടു പോകലിന് ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ വീട്ടിലെത്തി തർക്കമുണ്ടാക്കിയതിനാണ് നിസാറിനെയും അജ്‌നാസിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോകലുമായി ഇരുവർക്കും ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.