കാനഡയിലെ മുസ്ലീം പള്ളിയിലുണ്ടായിരുന്ന വിശ്വാസികളെ വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചു; ഇന്ത്യന്‍ വംശജന്‍ ശരണ്‍ കരുണാകരന്‍ അറസ്റ്റില്‍
കാനഡയില്‍ മുസ്ലിം പള്ളിയിലേക്ക് വാഹനം ഇടിച്ചു കയറ്റി ആക്രമണം നടത്തിയ ഇന്ത്യന്‍ വംശജന്‍ ശരണ്‍ കരുണാകരന്‍ അറസ്റ്റില്‍. പള്ളിയില്‍ പ്രാര്‍ത്ഥിയ്ക്കാനെത്തിയവരെ വാഹനമിടിപ്പിച്ച് ആക്രമിക്കാന്‍ ഇയാള്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. കാനഡയിലെ ഒന്റാരിയോയിലെ മാര്‍ഖാമിലാണ് സംഭവം നടന്നത്. വിശ്വാസികള്‍ക്ക് നേരെ ശരണ്‍ വംശീയ അധിക്ഷേപം നടത്തിയെന്നും വധഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.
മുസ്ലീം പള്ളിയിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കനേഡിയന്‍ പൊലീസ് വിദ്വേഷ കുറ്റകൃത്യത്തിന് കേസെടുക്കുകയും കഴിഞ്ഞ ദിവസം അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അപകടകരമായി വാഹനം ഓടിക്കല്‍, വധഭീഷണി മുഴക്കല്‍, ആയുധവുമായി ആക്രമിക്കാന്‍ ശ്രമിക്കല്‍ മുതലായ കുറ്റങ്ങള്‍ ശരണ്‍ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ പൊലീസ് കോടതിയില്‍ ഹാജരാക്കുകയും ഇയാള്‍ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു.
മുസ്ലീം പള്ളിയില്‍ നടന്ന സംഭവം യോര്‍ക്ക് പ്രാദേശിക പൊലീസാണ് സ്ഥിരീകരിച്ചത്. ഏപ്രില്‍ ഏഴിനാണ് ശരണെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 27 വയസുകാരനായ ശരണ്‍ ജോലിയ്ക്കാണ് കാനഡയിലെത്തിയത്. നിലവില്‍ കാനഡയിലെ ടൊറന്റോയിലാണ് ഇയാള്‍ താമസിക്കുന്നത്.