Thursday, April 17, 2025
Kerala

സ്‌നേഹത്തിന്റെ സന്ദേശം കൈമാറുകയാണ് ഞങ്ങൾ, എല്ലാ വിഭാഗവും ഞങ്ങളെ മനസിലാക്കണം: കെ.സുരേന്ദ്രൻ

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബി.ജെ.പി നടത്തിയ സ്നേഹയാത്രയ്ക്ക് എല്ലായിടത്തും ഊഷ്മളമായ സ്വീകരണം ലഭിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്രിസ്ത്യൻ സമൂഹത്തിൽ ബി.ജെ.പിയോടുള്ള സമീപനത്തിൽ അത്ഭുതകരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. കേവലം കൈസ്തവ മതമേധാവികൾ മാത്രമല്ല സാധാരണ ക്രൈസ്തവർക്കും ബി.ജെ.പിയോടുള്ള സമീപനത്തിൽ അനുകൂലമായി മാറ്റമാണ് ദൃശ്യമായിരിക്കുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അദ്ദേഹത്തിന്റെ ഭരണത്തോടുമുള്ള പ്രതീക്ഷയും വിശ്വാസവും ക്രൈസ്തവ സമൂഹത്തിനാകെ ഉണ്ടായിരിക്കുന്നു എന്നാണ് ബി.ജെ.പി പ്രവർത്തകർക്കനുഭവപ്പെട്ടത്. ക്രൈസ്തവ വിശ്വാസികൾ കൂടുതലുളള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലുമെല്ലാം സദ്ഭരണത്തിന്റെ നാളുകൾ അവർ കണ്ടു കഴിഞ്ഞു. എല്ലായിടത്തും അഭൂതപൂർവമായ വികസനമാണ് കാണുന്നത്. ഈ വികസനം കേരളത്തിലും അനുഭവപ്പെടണമെങ്കിൽ ഇവിടെയും നരേന്ദ്രമോദിയുടെ നേതൃത്വവും ബി.ജെ.പി ഭരണവും വേണമെന്ന തിരിച്ചറിവ് ക്രൈസ്തവ വിശ്വാസികൾക്ക് ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിയെ സ്വാഗതം ചെയ്തുള്ള കർദ്ദിനാൾ ആലഞ്ചേരിയുടെ ലേഖനം വളരെ പ്രസക്തവും യാഥാർഥ്യ ബോധത്തോടെയുമുള്ളതാണ്. കേരളത്തിൽ മതന്യൂനപക്ഷങ്ങൾ യോജിപ്പിന്റെ മേഖലകൾ കണ്ടെത്തി വികസനത്തിനായി മുന്നോട്ടുവരണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഞങ്ങൾ സ്നേഹത്തിന്റെ സന്ദേശം കൈമാറുന്നതിൽ കോൺഗ്രസ് വെപ്രാളപ്പെടുന്നതെന്തിനാണ്. തങ്ങൾ ശരിയായതും ആത്മാർഥതയോടെയുളളതുമായ സമീപനമാണ് കൈക്കൊള്ളുന്നത്. മറ്റ് പാർട്ടികളിൽ നിന്ന് ആരെയും ലക്ഷ്യമിട്ടു കൊണ്ടുവരുന്നതല്ല. ഞങ്ങളുടെ നിലപാടിന്റെ പേരിലാണ് ആളുകൾ ഞങ്ങളുടെ പാർട്ടിയിലേക്ക് വരുന്നത്. കേവലം ഒരു ശതമാനം വോട്ടുണ്ടായിരുന്ന ത്രിപുരയിൽ മാറ്റംവന്നു. 15 ശതമാനം വരെ വോട്ട് നേടിയ കേരളത്തിലും മാറ്റമുണ്ടാക്കാൻ കഴിയും. അവിടെ നിന്നു മുന്നോട്ട് പോകാൻ എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം തേടുകയാണ്.

ബി.ജെ.പിയിൽ വരുന്ന ആർക്കും നിരാശരാകേണ്ടിവരില്ല. കോൺഗ്രസിനെപ്പോലെ ഒരു കുടുംബത്തിനും ഉപജാപക സംഘത്തിനും വീതിച്ചു വയ്ക്കാനുളള പാർട്ടി. കേന്ദ്ര കാബിനറ്റിൽ പോലും വിവിധ മേഖലകളിൽ കഴിവുള്ളവരെ നോക്കിയാണ് നിയോഗിച്ചിരിക്കുന്നത്. ഏത് ചെറുപ്പക്കാർക്കും ബി.ജെ.പിയിൽ അവസരമുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *