‘കക്കുകളി’ നാടകത്തിനെതിരെ തൃശൂർ അതിരൂപത; നാടകം സർക്കാർ സ്പോൺസേർഡാണെന്ന് കെ സുരേന്ദ്രൻ
പൗരോഹിത്യത്തെയും വിശ്വാസത്തെയും അവഹേളിക്കുന്നുവെന്നാരോപിച്ച് കക്കുകളി എന്ന നാടകത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി തൃശൂർ അതിരൂപത. ഇന്ന് പള്ളികൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. നാളെ തൃശൂർകലക്ട്രേറ്റിലേക്ക് വിശ്വാസികളുടെ മാർച്ച് നടത്തും. കക്കുകളി സർക്കാർ സ്പോൺസേഡ് നാടകമാണെന്നും വിശ്വാസങ്ങളെ ചവിട്ടി മെതിക്കുന്നവർ പരാജയപ്പെടുമെന്നും ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ പറഞ്ഞു.
കക്കുകളി നാടകം ക്രിസ്തീയ വിശ്വാസത്തോടുള്ള വെല്ലുവിളിയെന്ന ആരോപണമാണ് തൃശൂർ അതിരൂപത ഉയർത്തുന്നത്. സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ കുർബാനയ്ക്ക് ശേഷമായിരുന്നു പ്രതിഷേധപരിപാടികൾ. പള്ളികളിൽ പ്രതിഷേധക്കുറിപ്പുകൾ വായിച്ചു. നാളെ തൃശൂർ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്താനും ആഹ്വാനമുണ്ട്. നാടകം സർക്കാർ സ്പോൺസേഡ് ആണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻറെ പ്രതികരണം. ക്രിസ്തീയ വിശ്വാസികൾക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ട്. വിശ്വാസങ്ങളെ ചവിട്ടി മെതിക്കുന്നവർ പരാജയപ്പെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം വിവാദങ്ങൾക്കില്ലെന്ന നിലപാടിലാണ് നാടകത്തിൻറെ അണിയറ പ്രവർത്തകരും കേരള സംഗീത നാടക അക്കാദമിയും. സംവാദത്തിന് തയാറാണെന്നും സാമൂഹിക നവീകരണമാണ് നാടകം മുന്നോട്ട് വച്ച നിലപാടെന്നും നാടകത്തിൻറെ അണിയറ പ്രവർത്തകർ വ്യക്തമാക്കി. പ്രതിഷേധത്തിന് പിന്നിൽ ആസൂത്രണമുണ്ടെന്നും ഇവർ ആരോപിക്കുന്നുണ്ട്.
‘കക്കുകളി’ എന്ന നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി ആരോപിച്ചിരുന്നു. വ്യാഴാഴ്ച കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് കക്കുകളി നാടകം ക്രൈസ്തവ വിരുദ്ധ ഉള്ളടക്കമാണെന്ന് വിലയിരുത്തുകയും നാടകത്തിന്റെ അവതരണത്തെ അപലപിക്കുകയും ചെയ്തത്.
നാടകത്തിനും സാഹിത്യരചനകൾക്കും എക്കാലവും വ്യക്തമായ സാമൂഹികപ്രസക്തിയുണ്ട്. തിരുത്തലുകൾക്കും പരിവർത്തനങ്ങൾക്കും സാമൂഹിക ഉന്നമനത്തിനും വഴിയൊരുക്കിയ ചരിത്രവും അവയ്ക്കുണ്ട്. എന്നാൽ, ആ ചരിത്രത്തെ ഉയർത്തിക്കാണിച്ചുകൊണ്ട് അത്യന്തം അവഹേളനപരമായ ഉള്ളടക്കങ്ങളുള്ളതും ചരിത്രത്തെ അപനിർമ്മിക്കുന്നതുമായ സൃഷ്ടികളെ മഹത്വവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെസിബിസി വാർത്താ കുറിപ്പിൽ പറഞ്ഞു.
ഫ്രാൻസിസ് നൊറോണയുടെ കൃതിയെ ആസ്പദമാക്കിയാണ് കക്കുകളി എന്ന നാടകം അവതരിപ്പിച്ചത്. ഇറ്റ്ഫോക്കിലും ഗുരുവായൂർ നഗരസഭയുടെ സാംസ്കാരിക പരിപാടിയിലും ഈ നാടകം അവതരിപ്പിച്ചതോടെയാണ് വിവാദമായത്. കഴിഞ്ഞ മാർച്ചിൽ വേലൂരിലായിരുന്നു ആദ്യ അവതരണം.