Friday, April 18, 2025
Kerala

ബീഫ് സ്റ്റാളിൽ നിന്ന് വാങ്ങിയ മാട്ടിറച്ചിയിൽ പുഴു; ആരോഗ്യവിഭാഗം സ്ഥലത്തെത്തി സ്റ്റാളിൽ ബാക്കിയുണ്ടായിരുന്ന മാംസം കുഴിച്ച് മൂടി

കരുവന്നൂർ പുത്തൻതോട് ഇറച്ചികടയിൽ നിന്നും വാങ്ങിയ മാട്ടിറച്ചിയിൽ പുഴുവിനെ കണ്ടെത്തി. പുത്തൻതോട് സെന്ററിൽ നിന്നും മൂർക്കനാട്ടേയ്ക്ക് പോകുന്ന വഴിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബീഫ് സ്റ്റാളിൽ നിന്നും വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്.

പുത്തൻതോട് സ്വദേശി തോട്ടാപ്പിള്ളി ഉണ്ണിയുടെ വീട്ടിലേയ്ക്ക് വാങ്ങിയ ഇറച്ചിയിലാണ് പുഴുവുണ്ടായിരുന്നത്. തുടർന്ന് ഇവർ പ്രദേശത്തെ കൗൺസിലർമാരായ അൽഫോണസാ തോമസിനെയും പ്രവീണിനെയും വിവരം അറിയിക്കുകയും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സിനിയുടെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ മാംസം കണ്ടെത്തുകയും ചെയ്തു. തുടർന്ന് സ്റ്റാളിൽ ബാക്കിയുണ്ടായിരുന്ന മാംസം കുഴിച്ച് മൂടുകയായിരുന്നു.

അനധികൃതമായി പ്രവർത്തിക്കുന്ന സ്റ്റാളിന്റെ പ്രവർത്തനം നിർത്തി വെയ്പ്പിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഈസ്റ്ററിനോട് അനുബന്ധിച്ച് നിരവധി പേരാണ് ഇവിടെ നിന്നും മാംസം വാങ്ങിയിരുന്നത്. വിവരം അറിഞ്ഞ് പലരും മാംസം തിരികെ കൊണ്ട് കൊടുക്കുകയാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ അറവ് നടത്തിയ മാംസമാണ് നഗരത്തിൽ പലയിടത്തും വിൽപ്പന നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. ആരോഗ്യവിഭാഗത്തിന്റെ പരിശോധന ഇവിടെ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *