Thursday, January 9, 2025
National

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ ദക്ഷിണേന്ത്യൻ പര്യടനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ ദക്ഷിണേന്ത്യൻ പര്യടനം ഇന്ന് ആരംഭിക്കും. തെലങ്കാന, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് പര്യടനം. ഇന്ന് രാവിലെ 11.45ന് തെലങ്കാനയിലെ സെക്കന്തരാബാദിലെത്തുന്ന പ്രധാനമന്ത്രി, സെക്കന്തരാബാദ് – തിരുപ്പതി വന്ദേഭാരത് ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. 12.15ന് ഹൈദരാബാദ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ11360 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നാടിനു സമർപ്പിയ്ക്കും. ബിബിനഗറിലെ എയിംസിനും പ്രധാനമന്ത്രി തറക്കല്ലിടും.

വൈകിട്ട് മൂന്നു മണിക്ക് തമിഴ്നാട്ടിലെത്തുന്ന നരേന്ദ്രമോദി, ചെന്നൈ വിമാനത്താവളത്തിലെ നവീകരിച്ച ടെർമിനൽ ഉദ്ഘാടനം ചെയ്യും. 1260 കോടി രൂപ ചിലവിലാണ് ടെർമിനലിൻ്റെ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. നാല് മണിക്ക് സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ വച്ച് ചെന്നൈ – കോയമ്പത്തൂർ വന്ദേഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. 4.45ന് ശ്രീരാമകൃഷ്ണ മഠത്തിൻ്റെ 125-ാം വാർഷിക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആറരയ്ക്ക് ആൽസ്ട്രോം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു പരിപാടിയിൽ തമിഴ്നാട്ടിലെ 3600 കോടി രൂപയുടെ റോഡ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും.

ഒൻപതാം തിയ്യതി രാവിലെ ഏഴേ കാലിന് ബന്ദിപ്പൂർ ടൈഗർ റിസർവും തുടർന്ന് മുതുമല ടൈഗർ റിസർവിലെ തെപ്പക്കാട് ആനക്യാംപും സന്ദർശിക്കും. വനപാലകരോടൊപ്പം അൽപ സമയം സംവദിക്കും. ഓസ്കർ അവാർഡ് നേടിയ ദി എലഫൻ്റ് വിസ്പറേഴ്സിലെ ബൊമ്മിയെയും ബെല്ലിയെയും പ്രധാനമന്ത്രി നേരിട്ട് സന്ദർശിക്കും. പതിനൊന്ന് മണിയ്ക്ക് മൈസൂരുവിലെ കർണാടക ഓപ്പൺ സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ ടൈഗർ പ്രൊജക്ടിൻ്റെ അൻപത് വർഷങ്ങൾ എന്ന പരിപാടിയും ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *