ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ മോദി വീണ്ടും ഒന്നാമത്
ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമത്. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിൽ, 76 ശതമാനം വോട്ടുകൾ നേടിയാണ് മോദി ഒന്നാമതെത്തിയത്. ഏറ്റവും പ്രിയപ്പെട്ടതും ആരാധിക്കപ്പെടുന്നതുമായ നേതാവാണ് പ്രധാനമന്ത്രി മോദിയെന്ന് സർവ്വേ ഫലം പങ്കുവെച്ചു കൊണ്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ട്വിറ്ററിൽ കുറിച്ചു.
മാർച്ച് 22 മുതൽ മാർച്ച് 28 വരെയാണ് ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് സർവേ മോർണിംഗ് കൺസൾട്ട് നടത്തിയത്. 61 ശതമാനം വോട്ട് നേടിയ മെക്സിക്കോ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് 22 ആഗോള നേതാക്കളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് 55 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തും, 53 ശതമാനം വോട്ടുമായി സ്വിസ് പ്രസിഡന്റ് അലൈൻ ബാർസെറ്റ് നാലാം സ്ഥാനത്തുമാണ്.
ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയും ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവയും 49 ശതമാനം വോട്ടുകളുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഈ പട്ടികയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 41 ശതമാനം വോട്ടുകളുമായി ഏഴാം സ്ഥാനത്തും, യുകെ പ്രധാനമന്ത്രി ഋഷി സുനക്ക് 34 ശതമാനം വോട്ടുകൾ നേടി 13-ാം സ്ഥാനത്തുമാണ്. 19 ശതമാനം വോട്ടുമായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ ആണ് 22 നേതാക്കളുടെ പട്ടികയിൽ അവസാനത്തേത്.